ഉവൈസിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം
1592110
Tuesday, September 16, 2025 7:50 AM IST
നിലന്പൂർ:ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് ഉവൈസിന് ജൻമനാടിന്റെ സ്നേഹോഷ്മളമായ സ്വീകരണം. നിലന്പൂർ നഗരസഭയുടെ നേതൃത്വത്തിലാണ് ചന്തക്കുന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് ആവേശകരമായ സ്വീകരണം നൽകിയത്.
നിലന്പൂരിൽ നിന്ന്് ആദ്യമായി ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടം തേടിയ മുഹമ്മദ് ഉവൈസ് ഫുട്ബോൾ പരീശീലകനായ മയ്യംന്താനി സ്വദേശി മോയിക്കൽ കമാലുദ്ദീന്റെ മകനാണ്. ദോഹയിൽ നടന്ന കാഫ നാഷൻസ് കപ്പിൽ ഇന്ത്യയെ മൂന്നാം സ്ഥാനത്തെത്തിച്ച് വെങ്കല മെഡലിൽ മുത്തമിട്ട ശേഷം ജൻമനാട്ടിലേക്ക് എത്തിയ മുഹമ്മദ് ഉവൈസ് വൈകുന്നേരം 5.20 തോടെയാണ് നിലന്പൂർ താഴെ ചന്തക്കുന്നിലേക്ക് എത്തിയത്. അവിടെ നിന്ന് തുറന്ന വാഹനത്തിലാണ് ചന്തക്കുന്ന് ബസ് സ്റ്റാൻഡ് പരിസരത്തേക്ക് എത്തിച്ചത്. 11 അംഗ ഇന്ത്യൻ ടീമിൽ ഇടം നേടിയ മുഹമ്മദ് ഉവൈസ് നാടിന് അഭിമാനമായി മാറി കഴിഞ്ഞു. സ്വീകരണ ചടങ്ങ് നിലന്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു.
നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.ബഷീർ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർമാരായ സ്കറിയ ക്നാംതോപ്പിൽ, പാലോളി മെഹബൂബ്, വി.എ.കരീം, സാലി ബിജു, റനീഷ് കുപ്പായി, കമാലുദ്ദീൻ മേയിക്കൽ തുടങ്ങിയവർ സംസാരിച്ചു. നഗരസഭയുടെ ആദരം ചെയർമാൻ കൈമാറി. വിവിധ ക്ലബുകളും ആദരം കൈമാറി. ഇന്ത്യൻടീം ഇക്കുറി കാഫ നാഷൻസ് ക്ലബിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ മികച്ച പ്രകടനം നടത്താനും ഉവൈസിന് സാധിച്ചു.