ഇന്ത്യയിൽ ഹിന്ദുത്വ അജണ്ട ഉടൻ നടപ്പാക്കാൻ കഴിയില്ല: എം.വി. ഗോവിന്ദൻ
1429245
Friday, June 14, 2024 5:51 AM IST
പെരിന്തൽമണ്ണ: ദാർശനിക നിലപാടുകളെ അടിസ്ഥാനപ്പെടുത്തി കേരളത്തിൽ ഉയർന്നുവന്ന ഓരോ പ്രശ്നങ്ങളെയും എങ്ങനെ മാർക്സിസം സന്നിവേശിപ്പിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്ന് ഇഎംഎസിനെ പോലെ അറിയാവുന്ന ഒരാളും ഇന്ത്യയിൽ ഉണ്ടായിട്ടില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
"ഇഎംഎസിന്റെ ലോകം' 27-ാമത് ദേശീയ സെമിനാർ ഷിഫാ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ വീണ്ടും മതരാഷ്ട്രമാക്കാൻ നീക്കം തുടങ്ങി കഴിഞ്ഞു അതിന്റെ ആദ്യത്തെ കാൽവയ്പ്പാണ് പൗരത്വ ഭേദഗതി നിയമമെന്നും എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കൂട്ടുകക്ഷി ഭരണം വന്ന സ്ഥിതിക്ക് ഹിന്ദുത്വ അജണ്ട ഇന്ത്യയിൽ ഉടൻ നടപ്പാക്കാൻ കഴിയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പെൻഷനടക്കം സാധാരണക്കാർക്ക് നൽകേണ്ട പല ആനുകൂല്യങ്ങളും നൽകാൻ സംസ്ഥാന സർക്കാരിന് സാധിക്കാഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തെരഞ്ഞെടുപ്പിൽ നല്ലത് പോലെ തോറ്റു. തോറ്റിട്ട് ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല. തോൽവിയുടെ കാരണം കണ്ടെത്തി തിരുത്തി മുന്നോട്ടുപോവും. 62 ലക്ഷം ആളുകൾക്ക് കൊടുക്കേണ്ട പെൻഷൻ കൊടുത്ത് തീർക്കാനായിട്ടില്ല.
അധ്യാപകർക്കുള്ള ഡി.എ പൂർണമായും കൊടുത്തിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി അധ്യക്ഷൻ വി. ശശികുമാർ സ്വാഗതം പറഞ്ഞു. കെ.ഇ.എൻ. കുഞ്ഞുമുഹമ്മദ് ഇഎംഎസ് സ്മാരക പ്രഭാഷണം നടത്തി. പാലോളി മുഹമ്മദ് കുട്ടി മുഖ്യാതിഥിയായിരുന്നു. പുസ്തക പ്രകാശനം ഗോവിന്ദൻ മാസ്റ്റർ, പാലോളി മുഹമ്മദ് കുട്ടിക്കി നൽകി നിർവഹിച്ചു.
പി.പി. വാസുദേവൻ, കെ.പി. മോഹനൻ, ഡോ. മുഹമ്മദ്, വിജയലക്ഷ്മി, ഇ.എം. രാധ, ടി.കെ. ഹംസ, മടമ്പൂർ രാജൻ, ബാബു, കെ.പി. രമണൻ, കെ.എസ്. ഹംസ, പി.കെ. സൈനബ, വി.പി. സാനു തുടങ്ങിയവർ പങ്കെടുത്തു.
തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുമുന്നണിയുടെ പ്രകടനത്തിൽ വലിയ നിരാശയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പുതുലോക ക്രമവും ശീതയുദ്ധവും എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കനത്ത നഷ്ടമാണ് പാർട്ടിയ്ക്കുണ്ടായത്. വിശദമായ പരിശോധന നടത്തി പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോവും. ഹിന്ദുത്വ അജൻഡ മാത്രം ലക്ഷ്യമാക്കുന്ന നരേന്ദ്രമോദിക്ക് അധിക കാലം ഭരണത്തിൽ തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.