മഴക്കാല മുന്നൊരുക്കം; നിലന്പൂരിൽ യോഗം ചേര്‍ന്നു
1424822
Saturday, May 25, 2024 5:59 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്നു. 2018-2019 വര്‍ഷങ്ങളിലെ പ്രളയങ്ങളുടെ സാഹചര്യത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞു. അടിയന്തര ആവശ്യമുണ്ടായാല്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ 17 ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകള്‍, വില്ലേജ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പ് സജ്ജമാക്കുക. മഴ ശക്തമായാല്‍ അഗ്നി രക്ഷാസേനയുടെ ബോട്ടുകള്‍ മാത്രം മതിയാവില്ല. കൂടുതല്‍ ബോട്ടുകള്‍ പൊന്നാനിയില്‍ നിന്ന് എത്തിക്കും.
ഉള്‍വനങ്ങളിലെ കോളനികളില്‍ നിന്നുള്ള കുടുംബങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ നിലവില്‍ ഒരുക്കമല്ല. ഇക്കാര്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഗോത്ര ഊരുകളിലേക്ക് മഴക്കാലം മുന്നില്‍ കണ്ട് ഏഴ് വിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ തയാറാക്കിയിട്ടുണ്ടെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. മലയോര മേഖലകളിലുള്‍പ്പെടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ദുരന്തനിവാരണ സമിതിയുടെ അടിയന്തര യോഗം ചേര്‍ന്നത്.
നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ നെടുമ്പാടി, ഒ.ടി. ജെയിംസ്, ടി.എസ്. റീന , ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. ശബരീനാഥ്, കെ.പി. പ്രമോദ്, പൊതുമരാമത്ത് എഇ മുഹസിന്,
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ എ.ജെ. സന്തോഷ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. ബഹാവുദ്ദീന്‍, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ സ്കറിയ ക്നാതോപ്പില്‍, നിലമ്പൂര്‍ ജോയിന്റ് ആര്‍ടിഒ, വനം, അഗ്നിരക്ഷാ സേന ഉള്‍പ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.