ലോറിയും കാറും കൂട്ടിയിടിച്ചു ഡ്രൈവര്‍ക്കു ഗുരുതര പരിക്ക്
1415751
Thursday, April 11, 2024 5:33 AM IST
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ ചരക്കുലോറിയും മാരുതി ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.
തിരൂര്‍ കൊടക്കല്‍ സ്വദേശി തൊട്ടിയാട്ടില്‍ ഇബ്രാഹിമി (38)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നു തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കുലോറിയും തൃശൂര്‍ ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ആള്‍ട്ടോ കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഒന്നര മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. ചങ്ങരംകുളം പോലീസും പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ ശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്.
ഇതിനിടെ പോലീസിന്റെ നിര്‍ദേശ പ്രകാരം എടപ്പാള്‍ ഹോസ്പിറ്റലില്‍ നിന്നു ഡോക്ടറെത്തി ഡ്രൈവറുടെ ആരോഗ്യനില പരിശോധിച്ച് പ്രാഥമിക ശുശ്രൂഷയും നല്കി. തുടര്‍ന്നു കുറ്റിപ്പുറത്ത് നിന്നെത്തിച്ച ക്രെയിന്‍ ഉപയോഗിച്ചാണ് ലോറിക്കുള്ളില്‍ കുടുങ്ങിയ ആള്‍ട്ടോ കാര്‍ നീക്കം ചെയ്തത്.
ഗുരുതര പരിക്കേറ്റ ഇബ്രാഹിമിനെ വാഹനം നീക്കം ചെയ്ത് എട്ടേമുക്കാലോടെയാണ് പുറത്തെടുത്തത്. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം മുടങ്ങി.