കാപ്പുണ്ട ജനവാസ കേന്ദ്രത്തില്‍ പുലിയെ കണ്ടെന്ന്
1396320
Thursday, February 29, 2024 5:02 AM IST
എടക്കര: എടക്കര കാപ്പുണ്ട ജനവാസ കേന്ദ്രത്തില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. കഴിഞ്ഞദിവസം രാത്രി പത്തരയോടെ കാപ്പുണ്ട റോഡിന് കുറുകെ കാട്ടുപന്നികള്‍ക്ക് പിറകെ ഓടുന്ന പുലിയെ കണ്ടതായാണ് പറയുന്നത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പോത്തുകല്‍ വനം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വിനോദ് കൃഷ്ണ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഷിജുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ പരിശോധന നടത്തി.
എന്നാല്‍ പുലി തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മുമ്പ് ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. അതേസമയം ആവശ്യമെങ്കില്‍ കാമറ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നടത്താനും വനം ദ്രുതകര്‍മ സേനയെ വിവരം അറിയിക്കാനുമാണ് തീരുമാനം.