മുള്ള്യാർകുര്ശിയിലെ പുലിഭീതി; ഡിഎഫ്ഒ സ്ഥലം സന്ദര്‍ശിച്ചു
1394688
Thursday, February 22, 2024 4:40 AM IST
പെരിന്തല്‍മണ്ണ: മുള്ള്യാര്കുര്ശിയിലെ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഡിഎഫ്ഒ സ്ഥലം സന്ദര്‍ശിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പാണ്ടിക്കാട് പോലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പുലിയെ പിടികൂടാനായി കെണിവയ്ക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഉടന്‍ കൂട് സ്ഥാപിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വൈകിട്ട് നാലരയോടെ മാട്ടുമ്മല്‍ സ്വദേശി ഉമൈറിന്റെ വീട്ടുമുറ്റത്തു നിന്നു ആടിനെ പുലി കടിച്ചുകൊണ്ടുപോയത്.
പുലിയെ കണ്ടെത്താന്‍ പ്രദേശത്ത് നാട്ടുകാര്‍ തെരച്ചില്‍ തുടങ്ങിയിരുന്നു. പുലിയെ പിടിക്കാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധം അടക്കമുള്ള പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
അതിനിടെയാണ് ഡിഎഫ്ഒ സ്ഥലം സന്ദര്‍ശിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കൂട് സ്ഥാപിക്കുമെന്ന് ഡിഎഫ്ഒയുടെ ഉറപ്പിനെത്തുടര്‍ന്നു നാട്ടുകാര്‍ പ്രക്ഷോഭത്തില്‍ നിന്നു പിന്മാറുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് സമാന രീതിയില്‍ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ വനം വകുപ്പ് പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചു. ഈ കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്ഥിരമായി പുലി സാന്നിധ്യമുള്ള പ്രദേശമാണ് മുള്ള്യാകുര്‍ശി. മാട്ടുമ്മല്‍ ഉമൈറിന്റെ ഇരുപതിലേറെ ആടുകളെ സമീപകാലത്തായി കാണാതായിട്ടുണ്ട്.