വന്യമൃഗശല്യം: കർഷക കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തും
1339723
Sunday, October 1, 2023 7:49 AM IST
നിലന്പൂർ: കർഷക കോണ്ഗ്രസ് നിലന്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നിനു നിലന്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിനു നടത്തുന്ന മാർച്ച് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി.എസ്. ജോയി ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പ് നോക്കുകുത്തിയായി നിൽക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ദുരന്തമുണ്ടാകുന്പോൾ വനംവകുപ്പും സർക്കാരും പ്രഖ്യാപനങ്ങൾ മാത്രം നടത്തുകയാണ് ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്ന കർഷകരുടെ പുനരുദ്ധാരണത്തിനായി സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കർഷക കോണ്ഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ മുന്നോടിയായി വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും കർഷകരുടെ സ്ഥലങ്ങൾ സന്ദർശിക്കണമെന്ന ആവശ്യവുമുയർത്തിയിട്ടുണ്ട്.
പോത്തുകല്ല് ചെന്പൻകൊല്ലിയിലെ വനാതിർത്തിയിൽ ജോസ് തോമസിന്റെ ജീവൻ കാട്ടാനയെടുത്തിട്ട് ഇത്ര നാളായിട്ടും നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല.
കൃഷി നശിപ്പിച്ചാലും ആളുകളുടെ ജീവൻ നഷ്ടപ്പെട്ടാലും വനംവകുപ്പ് നഷ്ടപരിഹാരം നൽകുന്നത് മാസങ്ങൾക്കു ശേഷമാണ്. വന്യമൃഗ ആക്രമണം മൂലം മാരകമായി പരിക്കേറ്റു ജോലിക്ക് പോകാൻ കഴിയാതെ നിരവധി ആളുകൾ സാന്പത്തിക സഹായത്തിനായി കാത്തിരിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. റീ-ബിൽഡ് പദ്ധതിയിലൂടെ നിശബ്ദമായി കർഷകരെ കുടിയിറക്കാനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നത്. ഇതിലെല്ലാം പ്രതിഷേധിച്ചാണ് മാർച്ചും ധർണയും നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി. രാജൻ, നിയോജക മണ്ഡലം പ്രസിഡന്റ് വിജയൻ നീലാന്പ്ര, ജില്ലാ സെക്രട്ടറിമാരായ സി.പി. കുഞ്ഞുമുഹമ്മദ്, പി.കെ. ഗോപകുമാർ, നിയോജക മണ്ഡലം സെക്രട്ടറി സി.ടി. ഉമ്മർകോയ, അബ്ദുൾസലാം മുണ്ടോടൻ, പി. രാമൻ, മുണ്ടക്കയം ബേബി, ഇ.കെ. ഉസ്മാൻ എന്നിവർ പങ്കെടുത്തു.