ആര്യാടൻ മുഹമ്മദ് അനുസ്മരണം 25ന്
1337235
Thursday, September 21, 2023 7:29 AM IST
നിലന്പൂർ: മലബാറിൽ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയ പ്രമുഖ നേതാവായിരുന്ന ആര്യാടൻ മുഹമ്മദ് വിട പറഞ്ഞിട്ട് 25 ന് ഒരു വർഷം തികയുന്നു.
നാലു തവണ മന്ത്രിയും എട്ടു തവണ എംഎൽഎയുമായ ആര്യാടൻ മുഹമ്മദ് കോണ്‍ഗ്രസ് പ്രവർത്തകരുടെ മനസിൽ ജ്വലിക്കുന്ന ഓർമകളാണ് സമ്മാനിച്ചിട്ടുള്ളത്. തികഞ്ഞ മതേതരവാദി എന്ന നിലയിൽ കേരളത്തിൽ അറിയപ്പെടുന്ന നേതാവു കൂടിയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഡിസിസി സെക്രട്ടറി, മലപ്പുറം ജില്ലയുടെ പ്രഥമ ഡിസിസി പ്രസിഡന്റ്, കെപിസിസി സെക്രട്ടറി, എഐസിസി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ചരമവാർഷിക ദിനമായ 25 ന് വൈകുന്നേരം മൂന്നിന് മലപ്പുറം ടൗണ്‍ ഹാളിൽ ഒന്നാം ചരമവാർഷിക അനുസ്മരണം നടക്കും. ഡിസിസിയും ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷനും സംയുക്തമായാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മികച്ച പാർലമെന്റേറിയനുള്ള ആര്യാടൻ മുഹമ്മദ് പ്രഥമ പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൈമാറും. എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
27 ന് നിലന്പൂർ ചന്തക്കുന്നിൽ നടത്തുന്ന ഒന്നാം ചരമവാർഷിക അനുസ്മരണത്തിൽ ബെന്നി ബെഹനാൻ എംപി, കെ. രാഘവൻ എംപി, പി.വി. അബ്ദുൾ വഹാബ് എംപി, എ.പി. അനിൽകുമാർ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.