മൂലേപ്പാടത്ത് കാട്ടാന ആരോഗ്യ ഉപകേന്ദ്രത്തിന്റെ ഗേറ്റ് തകർത്തു
1336993
Wednesday, September 20, 2023 7:55 AM IST
നിലന്പൂർ: മൂലേപ്പാടത്ത് കാട്ടാന ആരോഗ്യ ഉപകേന്ദ്രത്തിന്റെ ഗേറ്റ് തകർത്തു. ഓട്ടോറിക്ഷ ഡ്രൈവർ രക്ഷപ്പെട്ടത് മുടിനാരിഴക്ക്. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മൂലേപ്പാടത്തെ ഉപകേന്ദ്രത്തിന്റെ ഗേറ്റാണ് തിങ്കളാഴ്ച രാത്രിയോടെ ഒറ്റയാൻ തകർത്തത്. ഓട്ടോറിക്ഷ ഡ്രൈവർ പൂവത്തിക്കൽ ഹാരിസിന്റെ മുന്പിലേക്കാണ് കാട്ടാന എത്തിയത്.
കാട്ടാനയെ കണ്ട് ഭയന്ന ഹാരീസ് ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങാതെ സമീപത്തെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുടമയായ പടവിൽ ജോഷി ജീപ്പുമായി എത്തി ഇരുവരും ഒച്ചവെച്ചതോടെയാണ് കാട്ടാന റോഡ് മുറിച്ച് കുറുവൻ പുഴയും കടന്ന് എടക്കോട് വനമേഖലയിലേക്ക് പോയത്. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഹാരീസ് പറഞ്ഞു.
ആന 7.30 തോടെ തന്റെ കൃഷിയിടത്തിൽ എത്തി തേനീച്ച പെട്ടി ഉൾപ്പെടെ നശിപ്പിച്ചതായി ജോഷിയും പറഞ്ഞു. അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിന്റെ നേതൃത്വത്തിൽ വനപാലകർ ഉപകേന്ദ്രം സന്ദർശിച്ചു.