ആരാധനാലയങ്ങളിലെ ഭണ്ഡാരം മോഷ്ടിക്കുന്ന യുവാവ് പിടിയിൽ
1297616
Saturday, May 27, 2023 12:21 AM IST
പെരിന്തൽമണ്ണ: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ഭണ്ഡാരം കുത്തിതുറന്നു മോഷണം നടത്തുന്ന യുവാവിനെ പെരിന്തൽമണ്ണ പോലീസ് പിടികൂടി.
മലപ്പുറം, പാലക്കാട് ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ പട്ടാന്പി പടിഞ്ഞാറേ കൊടുമുണ്ട സ്വദേശി നെടുമരം വീട്ടിൽ കൃഷ്ണാനന്ദൻ (33) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ പോലീസ് വ്യാഴാഴ്ച നടത്തിയ രാത്രികാല പരിശോധനയിലാണ് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു യുവാവിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്തും തരകൻ ഹൈസ്കൂളിലും സംഘം ചേർന്നു ചില മോഷണങ്ങൾ നടന്നിരുന്നു.
ഇതേ തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഇൻസ്പെക്ടർ പ്രേംജിത്തിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് പ്രതി പിടിയിലായത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ദേവാലയത്തിലും ജൂബിലി റോഡ് മസ്ജിദിന് സമീപവും കുന്നപ്പള്ളിയിലെ മദ്രസയുടെ ഭണ്ഡാരങ്ങളുമാണ് പ്രതികുത്തി തുറന്നത്.കൃഷ്ണാനന്ദനെതിരേ ഷൊർണൂർ, കൊപ്പം, ഒറ്റപ്പാലം, തൃത്താല, കല്ലടിക്കോട് ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ട്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പ്രേംജിത്തിന് പുറമേ എസ്ഐമാരായ ഷിജോ തങ്കച്ചൻ, സെബാസ്റ്റ്യൻ, രാജേഷ്, എസ്സിപിഒമാരായ ജയമണി ജയേഷ്, ഷൗക്കത്ത്, സത്താർ, സൽമാനുൽ ഫാരിസ് എന്നിവരുണ്ടായിരുന്നു.