കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്നു കോടിയുടെ പ്രവൃത്തികൾക്ക് തുടക്കം
1281909
Tuesday, March 28, 2023 11:41 PM IST
മഞ്ചേരി: ആരോഗ്യരംഗത്തു കൂടുതൽ സൗകര്യങ്ങളൊരുക്കാൻ കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്നു കോടി രൂപയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. ആധുനിക സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികളാണ് ആരംഭിച്ചത്.
എൻഎച്ച്എമ്മിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 1.14 കോടി രൂപയും പി.കെ ബഷീർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു ഒരു കോടി രൂപയും പഞ്ചായത്ത് വകയിരുത്തിയ 50 ലക്ഷം രൂപയും പ്രയോജനപ്പെടുത്തിയാണ് ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികൾ പൂർത്തീകരിക്കുക. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ വട്ടപ്പറന്പ് റോഡിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
ഇവിടെ നിലവിൽ പ്രവർത്തിക്കുന്ന ഒ.പി റൂമും ഫാർമസിയും ഒഴികെയുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കും. ഇരുനിലകളിലായി പണി പൂർത്തിയാക്കുന്ന കെട്ടിടത്തിൽ താഴെ നില പാർക്കിംഗിനായി പ്രയോജനപ്പെടുത്തും.
കാവനൂരുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ സൗകര്യങ്ങൾ ഒരുങ്ങുന്നത്.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആശുപത്രിയുടെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ പറഞ്ഞു.