നഗരസഭാ ബജറ്റിൽ മലപ്പുറത്തിന്റെ മുഖഛായ മാറ്റാൻ പദ്ധതി
1279477
Monday, March 20, 2023 11:38 PM IST
മലപ്പുറം: അതിനൂതനവും ശ്രദ്ധേയവുമായ എണ്ണമറ്റ പദ്ധതികൾ ഉൾപ്പെടുത്തി മലപ്പുറം നഗരസഭയുടെ 2023-24 വർഷത്തെ ബജറ്റ് നഗരസഭയിൽ അവതരിപ്പിച്ചു. കൗണ്‍സിൽ ഹാളിൽ നടന്ന ബജറ്റ് അവതരണ കൗണ്‍സിലിൽ ചെയർമാൻ മുജീബ് കാടേരിയുടെ അധ്യക്ഷതയിൽ വൈസ് ചെയർപേഴ്സണ്‍ ഫൗസിയ കുഞ്ഞിപ്പു കൊന്നോല ബജറ്റ് അവതരിപ്പിച്ചു.
മലപ്പുറത്ത് മുഴുവൻ വില്ലേജുകളിലും പൂന്തോട്ടങ്ങൾ, വാക്ക് വേ, ഓപ്പണ്‍ ജിം എന്നിവ ഉൾപ്പെടെ സ്ഥാപിച്ച് മലപ്പുറം പൂന്തോട്ട നഗരിയാക്കി മാറ്റുന്ന ’ഗാർഡൻ സിറ്റി ഓഫ് കേരള’ പദ്ധതിക്ക് ബജറ്റിൽ തുക വിലയിരുത്തി.
മാലിന്യങ്ങളിൽ നിന്നും മൂല്യവർധിത ഉത്പ്പന്നം നിർമിക്കുന്ന ’വേസ്റ്റ് അല്ല വെൽത്ത്’ പദ്ധതി ലോക ബാങ്കിന്റെ സാന്പത്തിക സഹായത്താൽ തുടക്കം കുറിക്കും. സോളാർ ഉൾപ്പെടെയുള്ള പരന്പരാഗത ഉൗർജ സ്രോതസ് പരമാവധി പ്രോത്സാഹിപ്പിച്ചു ’കാർബണ്‍ ന്യൂട്രൽ’ മലപ്പുറം പദ്ധതി ആരംഭിക്കും. നഗരസഭ ഓഫീസ് പ്രവർത്തനം കൂടുതൽ മികച്ചതാക്കുന്നതിന് വോളണ്ടിയർമാരുടെ സേവനവും ഓഫീസിൽ വരുന്ന മുഴുവൻ ആളുകൾക്കും മധുരം നൽകുന്ന ’മധുവൂറും മലപ്പുറം’ പദ്ധതിക്കും തുടക്കം കുറിക്കും.
വിദ്യാഭ്യാസ രംഗത്ത് നിലവിൽ മികച്ച രീതിയിൽ പദ്ധതികൾ നടപ്പാക്കി ദേശീയ ശ്രദ്ധ ആകർഷിച്ച നഗരസഭ തുടർന്നും കേന്ദ്ര സർവകലാശാല പ്രവേശനത്തിന് സൗജന്യ എൻട്രൻസ് പരിശീലനം നൽകും.