മലപ്പുറം നഗരസഭയിലെ അക്രമം; ഡ്രൈവറെ സസ്പെൻഡ് ചെയ്തു
1264661
Saturday, February 4, 2023 12:03 AM IST
മലപ്പുറം: മലപ്പുറം നഗരസഭയിൽ കഴിഞ്ഞ ദിവസം കൗണ്‍സിലറുടെ ഭർത്താവിനെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ഇക്കാര്യം അന്വേഷിക്കാനെത്തിയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെയും കൗണ്‍സിലർമാരെയും ദേഹോപദ്രവം നടത്തുകയും ചെയ്തെന്ന പരാതിയിൽ ഡ്രൈവർ പി.ടി. മുകേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഒരു പ്രാദേശിക ഭരണകൂടം എന്ന നിലയിൽ നഗരസഭയുടെ സൽപ്പേരിന് പൊതുജനങ്ങൾക്കിടയിൽ കളങ്കം വരുത്തുന്ന നടപടികളായതിനാൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേരള മുനിസിപ്പാലിറ്റി നിയമം സെക്ഷൻ 15(6), 2011 ലെ കേരള മുനിസിപ്പാലിറ്റി (ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം) ചട്ടം 8(1) പ്രകാരവും നഗരസഭാ ചെയർമാൻ എന്ന നിലയിൽ നിഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച് ചെയർമാൻ മുജീബ് കാടേരിയാണ് നഗരസഭാ ഡ്രൈവർ പി.ടി. മുകേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.