വന്യമൃഗശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണം: കർഷകസംഘം
1264390
Friday, February 3, 2023 12:11 AM IST
എടക്കര: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ഭീതി പടർത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം എടക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ച പാലാങ്കര പ്രദേശത്ത് നടപ്പാക്കുന്ന തൂക്കുവേലിയുടെ പ്രവൃത്തി ഉടൻ ആരംഭിക്കണം. പാലാങ്കര പാലത്തിന് താഴെ കഴിഞ്ഞ ദിവസം പട്ടാപകൽ കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തിയിരുന്നു.
പ്രദേശത്തെ നിരവധി കർഷകരുടെ കാർഷിക വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം താന്നിപ്പൊട്ടി മേഖലയിൽ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങിയിരുന്നു. വെള്ളാരമുണ്ട പ്രദേശത്ത് പുലി ഭീതി നിലനിൽക്കുന്നുമുണ്ട്. വഴിക്കടവ് മണിമൂളി, തെക്കേ പാലാട്, പോത്ത്കല്ല് മുക്കം, മുണ്ടേരി, മരുത തണ്ണിക്കടവ്, ചുങ്കത്തറ എരുമമുണ്ട തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്യമ്യഗശല്യം രൂക്ഷമാണ്.
കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കാടിറങ്ങുന്ന വന്യമൃഗങ്ങളെ തടയാൻ വനം വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നും കർഷക സംഘം എടക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.സുകുമാരൻ, ഏരിയ സെക്രട്ടറി എ.ടി.റെജി, ഏരിയ പ്രസിഡന്റ് വി.കെ.ഷാനവാസ്, ഏരിയ ട്രഷറർ പി.എൻ.അജയകുമാർ എന്നിവർ പ്രസംഗിച്ചു.