ആധാർ അപ്ഡേഷൻ ഏകോപനം: മോണിറ്ററിംഗ് സമിതി രൂപീകരിച്ചു
1262022
Wednesday, January 25, 2023 12:35 AM IST
മലപ്പുറം: ജില്ലയിലെ ആധാർ അപ്ഡേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടർ വി.ആർ പ്രേംകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാതല മോണിറ്ററിംഗ്് സമിതി രൂപീകരിച്ചു. ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവർത്തനം നടക്കുക. മൂന്നു മാസത്തിലൊരിക്കൽ മോണിറ്ററിംഗ് സമിതി ചേർന്ന് ആധാർ അപ്ഡേഷൻ സംബന്ധമായ പ്രവർത്തനങ്ങൾ വിലയിരുത്തും.
ജില്ലയിലെ ആധാർ കേന്ദ്രങ്ങളുടെ പ്രവർത്തനം കളക്ടർ യോഗത്തിൽ വിലയിരുത്തി. സംസ്ഥാന ആധാർ ഡയറക്ടർ വിനോദ് ജേക്കബ് ജോണ് ആധാർ അപ്ഡേഷൻ സംബന്ധിച്ചു വിഷയാവതരണം നടത്തി.
കുട്ടികളുടെ അഞ്ചു വയസിലെയും 15 വയസിലെയും നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ ജില്ലയിൽ പൂർത്തീകരിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക ആധാർ ക്യാന്പുകൾ സംഘടിപ്പിക്കും.
എഡിഎം എൻ.എം മെഹറലി, മുഹമ്മദ് മുസാബ് (യുഐഡിഎഐ റീജണൽ ഓഫീസ്, ബാംഗളുരൂ), എൻഐസി ഡിഐഒ പി. പവനൻ, അക്ഷയ ജില്ലാ പ്രൊജക്ട്് ഓഫീസർ പി.ജി ഗോകുൽ, പോസ്റ്റൽ മാനേജർ ശ്യാംപ്രസാദ്, ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഷൈജു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.