പഞ്ചായത്തുകൾ തോറും നാളികേര സംഭരണം വേണമെന്ന ആവശ്യം ശക്തമാകുന്നു
1227630
Thursday, October 6, 2022 12:02 AM IST
കരുവാരകുണ്ട്: കൃഷി വകുപ്പിനു കീഴിൽ ആരംഭിച്ച പച്ചത്തേങ്ങ സംഭരണം എല്ലാ പഞ്ചായത്ത് വഴിയും നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തുകൾ വഴി നാളികേര സംഭരണം നടത്തിയാൽ അതതു പ്രദേശത്തുള്ള കർഷകർക്ക് നാളികേരം എളുപ്പത്തിൽ കൈമാറ്റം ചെയ്യാനും ഭാരിച്ച ചെലവുകൾ ഒഴിവാക്കുകയും ചെയ്യാം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ നാളികേര ഉത്പാദനം ചെയ്യുന്നതും മലപ്പുറം ജില്ലയിലാണ്. നിലവിൽ നാളികേര സംഭരണം ഇപ്പോഴുള്ളത് വണ്ടൂരിലാണ്. മലയോരത്തുള്ളവർ വണ്ടൂരിൽ നാളികേരം എത്തിക്കുന്പോൾ തന്നെ ഉയർന്ന ചെലവും പ്രയാസവുമാണ് കർഷകക്കുണ്ടാകുന്നത്. പദ്ധതി കർഷകരക്ഷ മുന്നിൽ കണ്ടാണെങ്കിൽ നാളികേര ഉത്പാദന പ്രദേശങ്ങളിൽപ്പെട്ട എല്ലാ പഞ്ചായത്തുകളിലും കേരഫെഡിനു കീഴിൽ നാളികേര സംഭരണം തുടങ്ങണം.
നാളികേരത്തിന്റെ വിലത്തകർച്ച പരിഹരിക്കാൻ കിലോയ്ക്ക് 32 രൂപ താങ്ങുവില നൽകിയാണ് കർഷകരിൽ നിന്നു ച്ചത്തേങ്ങ സംഭരിക്കുന്നത്. നേരത്തെ ഒരു കിലോ പൊതിച്ച നാളികേരത്തിന് 40 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇന്നു 22രൂപയിലേക്കു കൂപ്പുകുത്തി. കുറഞ്ഞ വിലക്ക് നാളികേരം വാങ്ങാനും വ്യാപാരികൾ തയാറാകുന്നില്ല. എന്നാൽ സർക്കാരിന്റെ നാളികേര സംഭരണം കേര കർഷകരിൽ പ്രതീഷ നൽകുന്നുണ്ട്. ഈ വർഷത്തെ കനത്ത മഴ നാളികേര മേഖലക്ക് തിരിച്ചടിയാണുണ്ടായത്.
നാളികേര മേഖലയിൽ അനുദിനം വർധിച്ചു വരുന്ന കൂലി വർധനവും തൊഴിലാളി ക്ഷാമവുമെല്ലാം നാളികേര മേഖലയിൽ കടുത്ത പ്രതിസന്ധിക്ക് കാരണമായി. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു നിലവാരം കുറഞ്ഞ നാളികേരം വിപണി കൈയടക്കിയതും നാളികേര കർഷകർക്ക് കനത്ത തിരിച്ചടിയായി.