ചൂണ്ടിക്കല്‍-ശൂരവക്കാണി റോഡ് നവീകരണം തുടങ്ങി; പാലം നവീകരിക്കാൻ നടപടിയായില്ല
1602222
Thursday, October 23, 2025 6:53 AM IST
വെള്ളറട: ചൂണ്ടിക്കല്ശൂരവക്കാണി റോഡ് പണി തുടങ്ങിയിട്ടും റോഡുകളെ ബന്ധിപ്പിക്കുന്ന ജീര്‍ണാവസ്ഥയിലുള്ള മരപ്പാലത്തെ പാലത്തിന്റെ നവീകരണത്തിന് നടപടികളായില്ല. അടിഭാഗത്തെ കോണ്‍ക്രീറ്റ് ജീര്‍ണിച്ച് അടര്‍ന്നുവീഴുന്നത് പതിവാകുന്നു. കൈവരിയിലെ ഇരുമ്പ് പൈപ്പും തകര്‍ന്നനിലയിലാണ്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന് നല്ല കുലുക്കവും അനുഭവപ്പെടുന്നു. എന്നിട്ടും അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ കോണ്‍ക്രീറ്റ് പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുകയാണ്. മലയോരത്തെ പ്രധാനപ്പെട്ട രണ്ട് പഞ്ചായത്തുകളായ വെള്ളറടയേയും അമ്പൂരിയേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
ചൂണ്ടിക്കൽ- ശൂരവക്കാണി റോഡില്‍ മരപ്പാലം കവലയ്ക്കു സമീപത്തായി കൊണ്ടെകെട്ടികോവില്ലൂര് തോടിന് കുറുകേയായിട്ടാണ് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പാലം നിര്‍മിച്ചത്. പാലത്തിന്റെ അടിഭാഗത്തെ മൂന്ന് അറകളിലെയും കോണ്‍ക്രീറ്റ് ജീര്‍ണിച്ച് പാളികളായി ഇളകി തോട്ടിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് കമ്പിയും തുരുമ്പെടുത്ത് പുറത്തേക്കു തള്ളിനില്‍ക്കുകയാണ്.
റോഡ് ടാറിടല്‍ നടക്കുന്തോറും പാലത്തിന്റെ ഇരുവശത്തുമുള്ള കൈവരികളുടെ ഉയരവും കുറയുന്നുണ്ട്. അവയും ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. കനത്ത മഴയില്‍ തോട്ടില്‍ അമിതമായി വെള്ളം ഒഴുകുന്നത് പാലത്തെ താങ്ങിനിര്‍ത്തിയ കരിങ്കല്‍ ഭിത്തികള്‍ക്കും ബലക്ഷയം ഉണ്ടാകാനിടയാക്കിയിട്ടുണ്ട്.
ഇക്കാരണത്താല്‍ ചെറുഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്പ്പോലും പാലം കുലുങ്ങുന്നത് പരിസരവാസികളിലും യാത്രക്കാരിലും ഭീതി ഉണ്ടാക്കുന്നുണ്ട്. ദിവസേന നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്.