നിലംപൊത്താറായ വീട്ടില്‍ മഴയെ പേടിച്ച് ഒരു കുടുംബം
1602221
Thursday, October 23, 2025 6:53 AM IST
വെള്ളറട: കനത്ത മഴയിലും കാറ്റിലും ഒരു ഭാഗം തകര്‍ന്ന് നിലംപൊത്താറായ വീട്ടില്‍ പ്രണഭയത്തോടെ കഴിയുകയാണ് വയോധികരടങ്ങുന്ന ഒരു കുടുംബം. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ അരുവിയോട് വാര്‍ഡിലെ ഇളന്തോട്ടത്ത് കാലായില്‍ പുത്തന്‍വീട്ടില്‍ സുഭദ്രയുടെ (73) വീടാണ് ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലുള്ളത്.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നത്. മേല്‍ക്കൂരയിലെ തകരഷീറ്റുകള്‍ ഇളകി പറക്കാവുന്ന നിലയിലാണ്. അകത്തെ ദ്രവിച്ച പലകതട്ട് മഴയില്‍ കുതിര്‍ന്ന് പൊളിഞ്ഞു വീഴാറായി. മണ്‍ചുമരുകള്‍ ഇടിഞ്ഞു വീഴുന്ന നില യിലുമാണ്. അവിവാഹിതയായ സുഭദ്രയും സഹോദരങ്ങളായ ബാലചന്ദ്രനും( 57) വിജയനുമാണ് ( 63) ഇവിടെ കഴിയുന്നത്.
ഇവരും അവിവാഹിതരാണ്. തൊഴിലുറപ്പ് തൊഴിലിനുള്പ്പെടെ പോയി കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ശാരീരിക അവശതയുള്ള ഇവർ കഴിഞ്ഞുകൂടുന്നത്. ലൈഫ് ഭവനപദ്ധതി പ്രകാരം വീടിനായി വര്ഷങ്ങളായിഅധികൃതരെ പല തവണ സമീപിച്ചതായി ഇവര്‍ പറയുന്നു.എന്നാല്‍ ഭവന പദ്ധതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
മഴയില്‍ കുതിര്‍ന്ന് വീടിന്റെ അകത്തേ ഭാഗത്തുള്ള മുറിയുടെ ചുമരും ഇടിഞ്ഞ് വീണു.മഴ പെയ്താല്‍ വെള്ളം വീടിനകത്തിറങ്ങും. അര്‍ധരാത്രി ചുമർ ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് വയോധികരായ ഇവര്‍ പുറത്തേയ്ക്കിറങ്ങി ഓടുകയായിരുന്നു തകര്‍ന്ന വീടിന്റെ ബാക്കി ഭാഗം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലുമാണ്.