കനത്ത മഴ : വിഴിഞ്ഞത്ത് നിരവധി വീടുകളിൽ വെള്ളം കയറി
1602220
Thursday, October 23, 2025 6:53 AM IST
വിഴിഞ്ഞം: രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. വിഴിഞ്ഞം കോട്ടപ്പുറം മര്യനഗർ കോളനിയിൽ ഇരുപതോളം വീടുകളിൽ വെള്ളം കയറി.
വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് അധികൃതർ എത്തി താല്കാലിക പരിഹാരം കണ്ടെങ്കിലും തുടർച്ചയായി ചെയ്ത മഴയിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായെന്ന് നാട്ടുകാർ പറയുന്നു.
അടിമലത്തുറ, അമ്പലത്തും മൂല,പുല്ലുവിള എന്നി തീരദേശ മേഖലയിലെ ജനങ്ങളെയും മഴ കാര്യമായി ബാധിച്ചു. മഴയോടൊപ്പം ഇന്നലെ ഉച്ചയോടെ വീശിയടിച്ച കാറ്റ് മത്സ്യത്തൊഴിലാളികളെയും ഭീതിയിലാഴ്ത്തി.
മീൻ പിടിത്തത്തിന് നിയന്ത്രണമുണ്ടായിരുന്നതിനാൽ തീരത്തോട് ചേർന്നായിരുന്നു പലരും വള്ളമിറക്കിയത്. എന്നാൽ അപ്രതീക്ഷിതമായി വീശിയ കാറ്റും കടൽക്ഷോഭവും കാരണം മത്സ്യബന്ധനം ഉപേക്ഷിച്ച് എല്ലാവരും തീരത്തണഞ്ഞതായി അധികൃതർ അറിയിച്ചു.