ആറേക്കറിൽ സമഗ്ര കൃഷിയുമായി ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും കൃഷിക്കൂട്ടം
1602214
Thursday, October 23, 2025 6:43 AM IST
പോത്തൻകോട്: കേരളത്തിലെ കാർഷിക മേഖലയിൽ മാതൃകാപരമായ കൃഷി കൂട്ടായ്മയ്ക്കാണ് പോത്തൻകോട്ട് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ. പോത്തൻകോട് പഞ്ചായത്തിലേയും കൃഷിഭവനിലേയും ഉദ്യോഗസ്ഥരും പഞ്ചായത്തിലെ ജനപ്രതിനിധികളും ചേർന്ന് രൂപീകരിച്ച ഹരിതശോഭ കൃഷികൂട്ടത്തിന്റെ ആറ് ഏക്കർ പാട്ടഭൂമിയിലെ കാർഷിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.നെടുമങ്ങാട് അസംബ്ലി മണ്ഡലത്തിലെ സമഗ്രവികസനം ലക്ഷ്യമാക്കി വിളിച്ചു ചേർത്ത കൃഷി ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗ തീരുമാനത്തിന്റെ ആദ്യ തുടക്കമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കല്ലൂർ വാർഡിൽ ആൾസെയിന്റ്സ് കോളജ് മാനേജ്മെൻറിന്റെ കീഴിലുള്ള കാട് വളർന്ന് തരിശായി കിടന്ന സ്ഥലമാണ് പോത്തൻകോട് കൃഷി ഓഫീസറുടെ നേതൃത്വത്തിൽ പാട്ട കൃഷി ചെയ്യാനായി മാനേജ്മെന്റ്് വിട്ടുനൽകിയത്. ആറ് ലക്ഷം രൂപ മുടക്കി ട്രിപ്പ് ഇറിഗേഷൻ പ്രവർത്തനങ്ങൾ ഇതിനകം നടത്തി കഴിഞ്ഞിരിക്കുകയാണ്.
ഉൽപ്പാദനത്തിൽ വരുമാനം ലഭിക്കുന്ന കാർഷികവൃത്തിയിൽ മാത്രമേ കൃഷിക്കാർക്ക് താത്പര്യം ഉണ്ടാവുകയുള്ളുവെന്നും തരിശായി കിടക്കുന്ന ഇത്തരം ഭൂമി കൃഷിക്ക് വിട്ടുനൽകാൻ ഉടമസ്ഥർ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. 20ഇനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പടവലം പാവൽ വെള്ളരി പയർ വഴുതന തക്കാളി വിവിധയിനം വെണ്ട വാളരി ചീര മത്തൻ എന്നീ പച്ചക്കറികളും മധുരക്കിഴങ്ങ് ചേന ചേമ്പ് മരച്ചീനി തുടങ്ങിയ കിഴങ്ങുവിളകളും പഴവർഗങ്ങളായ പപ്പായ, തണ്ണിമത്തൻ, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. തൈ നടീലും വിത്തിടലും മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.
കൃഷിയിടത്തിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ ബി.സുനിൽ സ്വാഗതമാശംസിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മേരി കെ.അലക്സ് പദ്ധതി വിശദീകരണം നടത്തി.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ഷീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മലയിൽ കോണം സുനിൽ, അനിതകുമാരി, ത്രിതല പഞ്ചായത്തുകളിലെ മറ്റ് ജനപ്രതിനിധികളും കർഷകരും പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദി രേഖപ്പെടുത്തി.