യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗസംഘം പിടിയില്‍
1513712
Thursday, February 13, 2025 6:44 AM IST
മെഡിക്കല്‍കോളജ്: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നംഗസംഘത്തെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി.
ശ്രീകാര്യം കല്ലമ്പള്ളി കരിമ്പൂക്കോണം മേലാങ്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ എബി (32), മേലാങ്കോണം പുതുവല്‍ പുത്തന്‍ വീട്ടില്‍ സിബി (31), നാലാഞ്ചിറ തട്ടിനകം കിഴക്കേവിള വീട്ടില്‍ ശിവപ്രസാദ് (31) എന്നിവരാണ് പിടിയിലായത്. എബിയും സിബി യും സഹോദരങ്ങളും ശിവപ്രസാദ് ഇവരുടെ സുഹൃത്തുമാണ്.
ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കന്യാകുളങ്ങര ഇടവിളാകം ബൈത്തുല്‍ ഫിര്‍ദൗസില്‍ നുജുമുദ്ദീന്റെ മകനും ആംബുലന്‍സ് ഡ്രൈവറുമായ മഹബൂബ് (23) ആണ് ആക്രമണത്തിനിരയായത്. മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തുനിന്നു പ്രതികള്‍ ചേര്‍ന്നു മഹബൂബിനെ തട്ടിക്കൊണ്ടുപോകുകയും ശ്രീകാര്യത്ത് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്മാര്‍ട്ട്ഫോണ്‍ അപഹരിക്കുകയും ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
പ്രതികള്‍ക്ക് യുവാവിനോടുണ്ടായിരുന്ന വ്യക്തിവിരോധമായിരുന്നു ആക്രമണത്തിനു കാരണം. പാര്‍ക്കിംഗ് ഏരിയയില്‍ നില്‍ക്കുകയായിരുന്ന മെഹബൂബിനെ ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികള്‍ ശ്രീകാര്യത്തേക്ക് കൊണ്ടുപോയത്. മര്‍ദനത്തിനിടയില്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ട മെഹബൂബ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ശ്രീകാര്യം പോലീസിന്റെ സഹായത്തോടെ മെഡിക്കല്‍കോളജ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകനായിരുന്ന രാജേഷിനെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് എബിയും സിബിയും. അറസ്റ്റിലായ മൂന്നംഗസംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.