ഭക്ഷ്യമേള 14 മുതൽ 16 വരെ
1513700
Thursday, February 13, 2025 6:44 AM IST
കോവളം: കേന്ദ്ര ടൂറിസം വകുപ്പിനുകീഴിലുള്ള കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫണ്ടാംഗോ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള 14 മുതൽ 16 വരെ നടക്കും. കേന്ദ്രസർക്കാറിന്റെ കീഴിലുള്ള കേരളത്തിലെ ഏക ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂഷൻ ആണ് കോവളത്തേത്.
കോവിഡ് കാലത്തെ നിയന്ത്രണങ്ങളെ തുടർന്നു നിറുത്തിവച്ചിരുന്ന ഭക്ഷ്യമേള 2024 മുതലാണു വീണ്ടും പുനരാരംഭിച്ചത്. കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ നടക്കുന്ന ഭക്ഷ്യമേള വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഭാഗമായി ഇവന്റ് പ്ലാനിംഗ്, മാർക്കറ്റിംഗ്, പാചക കലകൾ എന്നിവയിൽ നേടിയെടുത്ത തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണ്.
ആഥിത്യ മര്യാദയുടെ ഭാഗമായി തങ്ങളെ തേടിയെത്തുന്നവരുടെ വയറും മനസും നിറയ്ക്കുക എന്നതും പരിപാടിയുടെ പ്രധാന ലക്ഷ്യമാണ്. ഇതുവഴി നല്ല ഭക്ഷണത്തിനൊപ്പം കേരളത്തിന്റെ കലാരൂപങ്ങൾ ആസ്വദിക്കാനുമാവും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഭക്ഷ്യമേളയിലെ കൂടുതൽ വിവരങ്ങൾ അറിയാൻ 9446390828 എന്ന നമ്പറിൽ ബന്ധപ്പെടണം.