നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ ഇത്തവണ 709 പരീക്ഷാര്‍ഥികള്‍
1513690
Thursday, February 13, 2025 6:44 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭ പരിധിയിൽ ഇക്കുറി 709 വിദ്യാര്‍ഥികള്‍ എസ്എസ്എൽസി പരീക്ഷയെഴുതും. നൂറു ശതമാനം വിജയം കൈവരിക്കാന്‍ വിദ്യാലയങ്ങള്‍ ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന നിര്‍ദേശവുമായി നഗരസഭ.
പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികളും വിജയിക്കുന്നതോടൊപ്പം എ പ്ലസ് കളുടെ എണ്ണത്തിലും വര്ധനവുണ്ടാകണമെന്നതാണ് സംസ്ഥാനത്തെ തെക്കേ അറ്റത്തെ നഗരസഭയുടെ താത്പര്യം. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗം നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്ത് അധ്യക്ഷനായി. നെയ്യാറ്റിൻകര ബിപിസി ഗീത വി.എസ്. നായർ, നഗരസഭ പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ, ബിആർസി പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ അക്കാദമിക മികവ് ഉയർത്തുവാൻ ഓരോ അധ്യാപകരും ഓരോ കുട്ടിയുടെ മെന്ററായി ആയി മാറുക, പഠനത്തിൽ കൂടുതല്‍ മികവു പുലര്‍ത്തുന്ന സഹപഠിതാക്കളുടെ ബോധനം പ്രയോജനപ്പെടുത്തുക, എ പ്ലസ് ലഭിക്കാൻ പ്രയാസമേറിയ വിഷയങ്ങളിൽ അധിക പഠനപിന്തുണ നൽകുക മുതലായ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. സായാഹ്ന ക്ലാസ്, രാത്രി ക്ലാസ്, പിയർ ട്യൂറ്ററിംഗ്, മെന്ററിംഗ്, മുൻ വർഷങ്ങളിലെ ചോദ്യ പേപ്പർ ഉപയോഗിച്ചുള്ള ആവർത്തന പരിശീലനം, സമാന്തര റിവിഷൻ ക്ലാസുകൾ എന്നിവ അടക്കമുള്ള നിർദേശങ്ങളും നടപ്പിലാക്കാൻ തീരുമാനിച്ചു. ഈ സമയങ്ങളിൽ വിദ്യാർഥികൾക്ക് ലഘുഭക്ഷണം നൽകാനുള്ള സന്നദ്ധത നഗരസഭ അധികൃതര്‍ അറിയിച്ചു.