പനവൂർ ഗവ. എൽപി സ്കൂളിലെ കെട്ടിട നിർമാണത്തിലെ സാങ്കേതിക തടസം നീക്കും
1513370
Wednesday, February 12, 2025 6:11 AM IST
നെടുമങ്ങാട്: പനവൂർ ഗവ.എൽ പി സ്കൂളിൽ സർവശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി അനുവദിച്ച മോഡൽ പ്രീ പ്രൈമറി സ്കൂൾ കെട്ടിട നിർമ്മാണത്തിലെ നിലവിലെ സാങ്കേതിക തടസം മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിലവിലെ കെട്ടിടം പൊളിച്ചുമാറ്റുകയും എന്നാൽ യഥാസമയം പുതിയ കെട്ടിടം നിർമിക്കാത്തതിനെ സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ഡി.കെ. മുരളി എംഎൽ എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.1.53 ലക്ഷം രൂപയാണ് മോഡൽ പ്രീ പ്രൈമറിക്കായി സ്കൂളിന് അനുവദിച്ചത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയെയാണ് നിർമ്മാണം ഏൽപ്പിച്ചിട്ടുള്ളത്.
എന്നാൽ ടെക്നിക്കൽ കമ്മിറ്റി കൂടി സാങ്കേതികാനുമതി ലഭ്യമാകാത്തതിനാലാണ് നിർമ്മാണം നീണ്ടുപോയത്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയർമാരുടെ യോഗം വിളിച്ച് അനുമതി ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി രേഖാമൂലം അറിയിച്ചു.