യുവാവിനെ മര്‍ദിച്ച് വഴിയില്‍ തള്ളി; അന്വേഷണം ഊര്‍ജിതമാക്കി
1513345
Wednesday, February 12, 2025 6:01 AM IST
തിരുവല്ലം: തിരുവല്ലം സ്വദേശിയെ ഏഴംഗസംഘം കാറില്‍ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ തള്ളിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അക്രമികളുടെ ശത്രുക്കളുമായി കൂട്ടുകൂടി എന്ന വിരോധത്തിലാണ് തിരുവല്ലം ജാനകി കല്യാണമണ്ഡപത്തിനു സമീപം വേട്ടക്കല്ലു കൈലാസം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആഷിക്കിനെ (25) സംഘം തട്ടികൊണ്ടുപോയി ബിയര്‍കുപ്പികൊണ്ട് തലയടിച്ചുപൊട്ടിക്കുകയും ചുറ്റികകൊണ്ട് നട്ടെല്ലിനു പരിക്കേല്‍പ്പിക്കുകയും കണ്ണുകളില്‍ പശയൊഴിച്ച് ക്രൂര പീഡനത്തിന് വിധേയമാക്കുകയും ചെയ്തത്.
യുവാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഘത്തിലുണ്ടായിരുന്ന പാലപ്പൂരു സ്വദേശി മനു , മണക്കാട് സ്വദേശി ധനുഷ് , അമ്പലത്തറ സ്വദേശി ചന്തു , പരുത്തിക്കുഴി സ്വദേശി റഫീക് എന്നിവരെ തിരിച്ചറിഞ്ഞതായി തിരുവല്ലം പോലീസ് പറഞ്ഞു. തിരുവല്ലം സ്വദേശികളും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയും കേസെടുത്തു.
ഞായറാഴ്ച വൈകിട്ട് വണ്ടിത്തടം ക്ഷേത്ര ആര്‍ച്ചിനു സമീപം നില്‍ക്കുകയായിരുന്ന ആഷിക്കിനെ പ്രതികള്‍ കാറിലെത്തി ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. വാഹനം ഓടുന്നതിനിടയില്‍ ഉച്ചത്തില്‍ പാട്ടുവച്ച ശേഷം ബിയര്‍കുപ്പി ഉപയോഗിച്ച് തല അടിച്ചു പൊട്ടിക്കുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മുഖത്ത് ഏറ്റ അടിയില്‍ പല്ലുകള്‍ പൊട്ടിയതായും പോലീസ് പറഞ്ഞു.
തുടര്‍ന്ന് കാട്ടാക്കടയിലുളള ഒരു വീട്ടിലെത്തിച്ച് ചുറ്റിക കൊണ്ട് ശരീരത്തിലുടനീളം അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ മുളക് പൊടി എടുത്ത് യുവാവിന്റെ മുറിവുകളില്‍ തേക്കുകയും കണ്ണില്‍ പശയൊഴിച്ച് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചയോടെ തിരുവല്ലം ജങ്ഷനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തില്‍ നിന്നും പുറത്തേയ്ക്ക് തളളിയിട്ട ശേഷം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സംഘം കടക്കുകയാണുണ്ടായത്. പ്രതികള്‍ തമിഴ്നാട്ടിലേയ്ക്ക് കടന്നതായി സൂചനയുണ്ട്. എന്നാല്‍ പ്രതികളെ എത്രയും വേഗം പിടികൂടാന്‍ കഴിയുമെന്നും അന്വഷണം ശക്തമാക്കിയതായും തിരുവല്ലം എസ്എച്ച്ഒ പറഞ്ഞു.