നിര്‍ത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു
1513704
Thursday, February 13, 2025 6:44 AM IST
വലിയതുറ: ചാക്ക-വെണ്‍പാലവട്ടം ബൈപാസില്‍ സര്‍വീസ് റോഡിനു വശത്തായി ആളൊഴിഞ്ഞ ഭാഗത്തു നിര്‍ത്തിയിട്ടിരുന്ന സ്കോഡ കാറിനു തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്.
കാര്‍ പാര്‍ക്ക് ചെയ്തിരുന്നതിനു സമീപത്തുള്ള ഉണങ്ങിയ പുല്ലിനും മാലിന്യത്തിനും അജ്ഞാതര്‍ തീയിട്ടതു കാറിലേയ്ക്ക് പടരുകയായിരുന്നു. തീ നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഉയര്‍ന്നു കത്തിയതോടെ സമീപവാസികള്‍ ചാക്ക ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചു. തുടര്‍ന്നു സ്റ്റേഷന് ഓഫീസര്‍ അരുണ്‍ മോഹനന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ എത്തി തീ കെടുത്തുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാറിന്റെ ഉടമയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.