വട്ടിയൂര്‍ക്കാവിൽ വീട് കത്തിനശിച്ചു : ഗൃഹനാഥനു പൊള്ളലേറ്റു
1513343
Wednesday, February 12, 2025 6:01 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണത്തുണ്ടായ വന്‍ തീപിടിത്തത്തില്‍ ഇരുനിലവീട് ഒരുനില പൂര്‍ണ്ണമായും കത്തിനശിച്ചു. ഗൃഹനാഥനു പൊള്ളലേറ്റു. വാഴോട്ടുകോണം ചെമ്പുക്കോണം സിആര്‍എ 24-എ ലക്ഷ്മിയില്‍ ഭാസ്കരന് നായരുടെ (80) വീട്ടിലായിരുന്നു തീപിടിത്തം. ഭാസ്കരൻ നായർക്ക് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണു ബന്ധുക്കളും ആശുപത്രി അധികൃതരും നല്കുന്ന വിവരം.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടുകൂടിയാണ് സംഭവം. ഫ്രിഡ്ജില്‍ നിന്നു ഗ്യാസ് ചോര്‍ച്ചയുണ്ടായി തീപിടിക്കുകയുമായിരുന്നുവെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം. വീട്ടിലുണ്ടായിരുന്ന മൈക്രോവേവ് ഓവന്, ഗ്യാസ് സ്റ്റൗ, മിക്സി, ഇന്‍ഡക്ഷന്‍ കുക്കര്‍, അടുക്കള സാമഗ്രികള്‍, പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ടിവി, വസ്ത്രങ്ങള്‍, കിടക്കകള്‍ തുടങ്ങിയവയെല്ലാം കത്തിനശിച്ചു.
20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍മാരായ നിഥിന്‍രാജ്, അനീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തുമ്പോള്‍ കാണുന്നത് തീപ്പൊള്ളലേറ്റ് കിടക്കുന്ന ഭാസ്കരന് നായരെയാണ്. വീട്ടുകാര്‍ പുറത്തായിരുന്നു.
ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിലിണ്ടര്‍ പൊട്ടിത്തെറിച്ച ശബ്ദം 300 മീറ്റര്‍ വരെ കേട്ടതായി പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.