പ്ലാങ്കാലമുക്കിൽ വീട് പൂർണമായും കത്തിനശിച്ചു
1513697
Thursday, February 13, 2025 6:44 AM IST
നേമം: നേമം പ്ലാങ്കാലമുക്ക് കുന്നുകാട്ടില്‍ വടക്കേ കുഴിവിളാകത്തു മേലെപുത്തന്‍വീട്ടില്‍ കൃഷ്ണഭവനില്‍ സുനില്‍കുമാറിന്റെ ഓടുമേഞ്ഞ വീട് കത്തിനശിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണു വീടിനു തീ പടര്‍ന്നത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. ഫര്‍ണിച്ചറുകളും വൈദ്യുത ഉപകരണങ്ങളും തീപിടിത്തത്തില്‍ കത്തിപ്പോയി. സംഭവസമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തമൊഴിവായി.
കുട്ടികളുടെ പഠനോപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും പ്രമാണവും വീടിന്റെ മറ്റു രേഖകളുമടക്കം കത്തി ചാമ്പലായതായി വീട്ടുടമ സുനില്‍കുമാര്‍ പറഞ്ഞു. സംഭവ സമയത്തു കൂലി പണിക്കാരനായ സുനില്‍കുമാര്‍ കോണ്‍ക്രീറ്റ് പണിക്കും ഭാര്യ ശശികല വീട്ടുജോലിക്കും പോയിരിക്കുകയായിരുന്നു. തൈക്കാട് മോഡല്‍ സ്കൂളിൽ പ്ലസ്ടുവിനും പൂഴിക്കുന്ന് ജിഡബ്ല്യൂഎല്പിഎസില് രണ്ടാം ക്ലാസിലും പഠിക്കുന്ന മക്കള്‍ സ്കൂളില്‍ പോയിരിക്കുകയായിരുന്നു.
തീപിത്തം അറിഞ്ഞു ചെങ്കല്ചൂളയില്നിന്നും ഫയര്‍ഫോഴ്സിന്റെ രണ്ടു വാഹനങ്ങളെത്തിയെങ്കിലും വീതി കുറഞ്ഞവഴിയായതിനാല് വീടിന് അടുത്തെത്താന്‍ കഴിഞ്ഞില്ല. പിന്നീട് വഴിയില്‍ നിര്‍ത്തിയിട്ടശേഷം ഹോസ് ഉപയോഗിച്ച് വെള്ളം അടിക്കുകയാണ് ചെയ്തത്. തീ പിടിച്ചയുടന്‍ നാട്ടുകാരും അല്‍വാസികളും ചേര്‍ന്നു വീടുകളില്‍ നിന്നും വെള്ളം കോരി ഒഴിച്ച് തീ കെടുത്താന്‍ ശ്രമം നടത്തി. പതിനഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സംഭവമറിഞ്ഞു നേമം പോലീസും റവന്യൂ ഉദ്യോഗസ്ഥരും കെഎസ്ഇബി ഉദ്യോഗസ്ഥരും വീട്ടിലെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നു കരുതുന്നു.