യുവാവിന് സുഹൃത്തുക്കളില്‍നിന്ന് മര്‍ദനമേറ്റ സംഭവം: രണ്ടു പേര് അറസ്റ്റില്‍
1513702
Thursday, February 13, 2025 6:44 AM IST
തിരുവല്ലം: അക്രമികളുടെ ശത്രുക്കളുമായി കൂട്ടുകൂടി എന്ന വിരോധത്തില്‍ തിരുവല്ലം സ്വദേശി ആഷിക്കിനെ (25) ഏഴംഗ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ തള്ളിയ സംഭവത്തിന്റെ തുടര്‍ച്ചയായി ആഷിക്കിന്റെ മറ്റൊരു സുഹൃത്തായ വണ്ടിത്തടം സ്വദേശി ഷിബിനെ (26) അഞ്ചംഗ സംഘം മര്‍ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റി ൽ.
മര്‍ദനത്തെ തുടര്‍ന്ന് ഷിബിന്‍ തിരുവല്ലം പോലീസില്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിലെ അഞ്ചാം പ്രതിയായ പൂങ്കുളം സ്വദേശി ഭരതിനെയും രണ്ടാം പ്രതി പാച്ചല്ലൂര്‍ പാറവിളാകം സ്വദേശി ചതിയന്‍ ചന്തു എന്ന ചന്തുവിനെയും തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിനിരയായ ആഷിക്കിനു പ്രതികളെ പറഞ്ഞുകൊടുത്തു എന്ന വിരോധത്തിലാണു ഷിബിനും കഴിഞ്ഞ ദിവസം ആഷിക്കിനെ ആക്രമിച്ച പ്രതികളുടെ കൂട്ടുകാരില്‍ നിന്നും മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. ആഷിക്കിനെയും ഷിബിനെയും ആക്രമിച്ച സംഘം ഇവരുടെ രണ്ടു പേരുടെയും സുഹൃത്തുക്കളാണെന്നു പോലീസ് പറഞ്ഞു.
ഷിബിനെ മര്‍ദിക്കുകയും കത്തിയുടെ പിടി ഉപയോഗിച്ച് മുഖത്ത് പരിക്കേല്പ്പിക്കുകയുമായിരുന്നതായി പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ ഷിബിന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷിബിനെ ആക്രമിച്ച കേസില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയുണ്ടായി. എന്നാല്‍ ആഷിക്കിനെ ആക്രമിച്ച കേസിലെ ഏഴു പ്രതികളില്‍ ആരെയും തന്നെ ഇതുവരെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് പിടികൂടിയ ഭരതിനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചന്തുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു.