പകുതിവില തട്ടിപ്പ് : വിഴിഞ്ഞത്തും പൂവാറിലും പരാതി
1513707
Thursday, February 13, 2025 6:44 AM IST
വിഴിഞ്ഞം: പകുതിവിലക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും ലാപ്ടോപ്പും വാഗ്ദാനം ചെയ്ത് പൂവാർ, തിരുപുറം പഞ്ചായത്ത് മേഖലകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.
പൂവാറിൽ നിന്നുമാത്രം 30 ഓളം പരാതികൾ ലഭിച്ചപ്പോൾ വിഴിഞ്ഞത്ത് ഒരാൾ പരാതിയുമായി രംഗത്തെത്തി. വാഗ് ദാനത്തിൽ കുടുങ്ങി കൂടുതൽ പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സ്കൂട്ടറും മറ്റു ഗൃഹോപകരണങ്ങളും ലഭിക്കുമെന്ന വിശ്വാസത്തിൽ പണമടച്ച് കാത്തിരിക്കുമ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. അറസ്റ്റിലായ അനന്തുകൃഷ്ണന്റെ പേരിലാണു പണം നഷ്ടമായവർ പൂവാർ പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
പൂവാർ, തിരുപുറം പഞ്ചായത്തുകളിലെ കുടുംബശ്രീ, അയൽക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ വഴിയാണ് തട്ടിപ്പുസംഘം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. ജനപ്രതിനിധികളും കൂട്ടത്തിലുണ്ട് എന്നാണ് സൂചന. കഴിഞ്ഞ ഓണക്കാലത്ത് തട്ടിപ്പ് സംഘം പകുതി വിലവാങ്ങി പ്രദേശത്ത് 3000-രൂപക്ക് പലവ്യഞ്ജനങ്ങൾ നൽകിയിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്നു വാഗ്ദാനവുമായി രംഗത്തിറങ്ങിയത്. പോലീസിനു ലഭിച്ച പരാതികളുടെ ആധികാരികത പരിശോധിച്ച് വരികയാണ്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൂവാർ പോലീസ് പരിശോധിക്കുന്നു.
അറസ്റ്റിലായ അനന്തുകൃഷ് ണൻ ഒരുവർഷം മുൻപ് തിരുപുറത്തെത്തി പഞ്ചായത്ത് പ്രധിനിധികളെ നേരിട്ടു ബന്ധപ്പെട്ടിരുന്നതായും പറയുന്നുണ്ട്. ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും തയ്യൽ മെഷീനും ലാപ് ടോപ്പമടക്കം നിരവധി ഗൃഹോപകരണങ്ങൾ പകുതിവിലക്ക് എത്തിക്കാമെന്നായിരുന്നു വാഗ്ദാനം.
തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ അനന്തുകൃഷ്ണൻ അറസ്റ്റിലായതോടെ പണം നഷ്ടപ്പെട്ടവർ ആശങ്കയിലായി. അവർ തങ്ങളെ ഗ്രൂപ്പിൽ ചേർത്തവർക്ക് നേരെ തിരിഞ്ഞതോടെയാണു പരാതികളുടെ പ്രവാഹം തുടങ്ങിയത്. വരുംദിവസങ്ങളിൽ കൂടുതൽ പരാതികൾ വരാനുള്ള സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു. തിരുപുറം പഞ്ചായത്തിൽനിന്ന് മാത്രം 500 ഓളം പേർക്ക് പണം നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. വിഴിഞ്ഞം വെങ്ങാനൂർ സ്വദേശിനോർത്ത് പറവൂർ ജനസേവാ ട്രസ്റ്റിനെതിരെയാണ് വിഴിഞ്ഞം പോലീസിൽ പരാതിനൽകിയത്. ഇടുക്കിയിൽ താമസിക്കുന്ന സഹോദരി മുഖാന്തിരമാണ് ഇവർ ട്രസ്റ്റിന്റെ പേരിൽ പണമടച്ചത്. ഇവിടെയും കൂടുതൽ പരാതികൾക്കു സാധ്യതയുണ്ട്.
സ്വന്തം ലേഖകൻ