ശാന്തിഗിരി ഫെസ്റ്റ്: കാഴ്ചകള്‍ക്ക് നിറംപകര്‍ന്ന് ഫ്ലവര്‍ ഷോ
1490268
Friday, December 27, 2024 6:28 AM IST
തിരുവനന്തപുരം: ശാന്തിഗിരി ഫെസ്റ്റ് പുഷ്പോത്സത്തില്‍ ക്രിസ്മസിനോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് വന്‍ ജനത്തിരക്ക്. ബംഗളൂരു, മൈസൂരു, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും കൊണ്ടുവന്ന വ്യതസ്തഇനം പൂക്കള്‍ കൊണ്ടാണ് ഫ്ലവര്‍ഷോ ഒരുക്കിയിരിക്കുന്നത്.
ഡാലിയ, റോസ്, ഫ്ലോക്സ്, പെട്യൂനിയ, പോയിന്‍സെറ്റിയ, ഡയാന്തസ്, വെർബീനിയ, ക്രസാന്തിമം, മാരിഗോൾഡ് തുടങ്ങി പല തരത്തിലുള്ള ഒരു ലക്ഷത്തോളം ചെടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രത്യേകതരത്തിലുള്ള ഒരു പെയിന്റിംഗ് ശൈലിയില്‍ ചെയ്തിരിക്കുന്ന പൂക്കളുടെയും ചെടികളുടെയും സജ്ജീകരണം ഫ്ലവര്‍ ഷോയെ വ്യത്യസ്തമാക്കുന്നു. നൂറ്റിയന്പത് തരത്തിലുള്ള റോസപ്പൂക്കള്ക്കൊപ്പം ഫ്ലവര്‍ ഷോയുടെ ഭാഗമായി ബോഗയ് ന്വില്ലയ്ക്കായി പ്രത്യേകമായ ഒരു ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.
പലസ്ഥലങ്ങളില്നിന്നും ശേഖരിച്ച 25 വര്‍ഷത്തോളം പഴക്കമുള്ള മദര്‍ പ്ലാന്റുകളില്‍ ഗ്രാഫ്റ്റ് ചെയ്ത വിവിധ നിറങ്ങളിലെ ഹൈബ്രിഡ് വെറൈറ്റി ബോഗയ്ന്വില്ലകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഫ്ലെയിം റെഡ്, ഫയറോപ്പാല്, ചില്ലിറെഡ്, റൂബീ റെഡ്, സണ്‍ റൈസ് വൈറ്റ് തുടങ്ങിയ ഇനങ്ങളിലുള്ള ചെടികള്‍ കാണാന്‍ സാധിയ്ക്കും.
ബോണ്‍സായ് മോഡലിലാണ് ഈ ചെടികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. വിവിധഇനം അലങ്കാര ചെടികളുടെ വൈവിധ്യമായ കാഴ്ചകൾക്കൊപ്പം വിവിധ കലാപരിപാടികളുമായിട്ടാണ് ശാന്തിഗിരി ഫെസ്റ്റ് സന്ദര്‍ശകരെ വരവേൽക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ പൊടിയന് കൊച്ചാട്ടനും സംഘവും അവതരിപ്പിച്ച കോമഡി ഷോയ്ക്കും ശ്യാം പ്രസാദ് നയിച്ച കൽക്കി ബാന്റ് മ്യൂസിക്കല്‍ ഷോയ്ക്കും മികച്ച ജനപങ്കാളിത്തമാണുണ്ടായത്.