വർണക്കാഴ്ചയൊരുക്കി കനകക്കുന്നിൽ വസന്തോത്സവം
1490265
Friday, December 27, 2024 6:28 AM IST
തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണക്കാഴ്ചയൊരുക്കി പുതുവർഷത്തെ വരവേൽക്കാൻ ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന "വസന്തോത്സവ’ത്തിനു തുടക്കമായി. "ഇലുമിനേറ്റിംഗ് ജോയ്, സ്പ്രെഡിംഗ് ഹാർമണി’ എന്ന ആശയത്തിലാണ് ഇത്തവണ ത്തെ ആഘോഷ പരിപാടി.
കേരളത്തിനു പുറത്തുനിന്നെത്തിക്കുന്ന പൂക്കൾ ഉൾപ്പെടെ ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണു ജനുവരി മൂന്നുവരെ നടക്കുന്ന വസന്തോത്സവത്തിന്റെ പ്രധാന ആകർഷണം. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ഇത്തവണ പുഷ്പമേള ഒരുക്കിയിട്ടുള്ളത്. അപൂർവമായ പുഷ്പങ്ങൾ അടക്കം നയനമനോഹരമായ രീതിയിൽ ക്രമീകരിച്ചത് വസന്തോത്സവത്തെ ആകർഷകമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ പതിന്മടങ്ങു സൗന്ദര്യത്തോടെയാണ് പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ലൈറ്റ് ഷോ ഇ ത്തവണ സംഘടിപ്പിച്ചിട്ടുള്ളത്. കനകക്കുന്നിലെ പ്രവേശന കവാടത്തിൽ 2025നെ വരവേറ്റുകൊണ്ടുള്ള ആകർഷകമായ ദീപാലങ്കാരമാണുള്ളത്. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്റെ ഭാഗമാണ്.
പടുകൂറ്റൻ ഗ്ലോബ്, ലണ്ടനിലെ ക്രിസ്മസിനെ ഓർമിപ്പിക്കുംവിധം യൂറോപ്യൻ സ്ട്രീറ്റ്, കുട്ടികൾക്കായി സിൻഡ്രല്ല, പോളാർ ബിയർ, ദിനോസർ, വിവിധ ലൈറ്റുകൾ കൊണ്ടുള്ള രൂപങ്ങൾ എന്നിവയുമുണ്ട്. മനോഹരമായ പൂച്ചെടികളുടെ ഉദ്യാനം, ബോണ്‍സായിയുടെ അപൂർവ ശേഖരം, കട്ട് ഫ്ളവർ ഡിസ്പ്ലേ, വിവിധ ഇനം ചെടികളുടെ അപൂർവ ശേഖരങ്ങളുമായി സർക്കാർ സ്ഥാപനങ്ങളുടെയും നഴ്സറികളുടെയും സ്റ്റാളുകൾ എന്നിവ വസന്തോത്സവത്തിലുണ്ട്. ഫ്ളോറിസ്റ്റുകൾക്കായി മത്സരങ്ങളും നടക്കും.
ഒൗഷധസസ്യ പ്രദർശനം, ബയോ ഡൈവേഴ്സിറ്റി എക്സിബിഷൻ, ഭക്ഷ്യമേള, അമ്യൂസ്മെന്റ് പാർക്ക്, വ്യാപാരമേള, വിവിധ കലാപരിപാടികൾ എന്നിവയാണ് വസന്തോത്സവത്തിന്റെ മറ്റ് ആകർഷണങ്ങൾ.
ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലുമായി ചേർന്നാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. പുഷ്പമേളയുടെയും ന്യൂ ഇയർ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.