ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മരിച്ചു
1490264
Friday, December 27, 2024 6:28 AM IST
രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: ക്രിസ്മസ് കടലിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മരിച്ചു. സെന്റ് ആൻഡ്രൂസ് കടപ്പുറത്തും അഞ്ചുതെങ്ങിലും കടലിൽ കുളിയ്ക്കാനിറങ്ങിയ രണ്ടു പേരെ കാണാതാവുകയും ചെയ്തു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. പുതുക്കുറുച്ചി മര്യനാട് വിജുഭവനിൽ ജോഷ്വ(19) ആണ് കടലിൽ കുളിയ്ക്കുന്നതിനിടെ മുങ്ങി മരിച്ചത്.
മുട്ടത്തറ വള്ളക്കടവ് ടിസി 43/ 1331-ൽ കലാഭവൻ പുതുവൽ പുത്തൻവീട്ടിൽ മണികണ്ഠന്റെയും കലയുടെയും ഏക മകൻ അഭിജിത്തു(16) മാണ് മരിച്ചത്. ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് മര്യനാട് കടലിൽ കുളിക്കാനിറങ്ങിയപ്പോളാണ് ജോഷ്വ അപകടത്തിൽപ്പെട്ടത്.
പ്രദേശവാസികൾ ജോഷ്വയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്മസ് അവധി ആഘോഷിക്കാൻ കോവളത്തെ ത്തി കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അഭിജിത്ത് ഒഴുക്കിൽപ്പെട്ടു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏഴുപേരെ ലൈഫ് ഗാർഡുമാർ സാഹസികമായി രക്ഷപ്പെടുത്തി.
ക്രിസ്മസ് ദിനത്തിലെ ബീച്ചിലുണ്ടായ വൻ തിരക്കിനിടയിലും നിലവിളിക്കാൻ പോലുമാകാതെ അടിയൊഴുക്കിൽപ്പെട്ടു മുങ്ങിത്താണു കൊണ്ടിരുന്ന കുട്ടികളെക്കണ്ടു വെള്ളത്തിലേക്ക് എടുത്തു ചാടിയ ലൈഫ് ഗാർഡുമാരുടെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കോവളം ഹൗവ്വാബീച്ചിലായിരുന്നു അപകടം. ശംഖുംമുഖം ഉൾപ്പെടെ കാണാൻ പോകുന്നതായി വീട്ടുകാരെ അറിയിച്ചശേഷമാണ് അയൽവാസികളും സുഹൃത്തുക്കളുമടങ്ങുന്ന പതിനൊന്നംഗം സംഘം കോവളത്ത് എത്തിയത്. മൂന്നു പേരെ കരയിൽ നിർത്തിയ ശേഷം എട്ടു പേർ കടൽ ക്കുളിക്കായി ഇറങ്ങി.
രണ്ടു ദിവസമായി തുടരുന്ന ശക്തമായ അടിയൊഴുക്കിന്റെ അപകടമറിയാത്ത കുട്ടികൾ കളിക്കുന്നതിനിടയിൽ അടിയൊഴുക്കിൽപ്പെട്ടു. നീന്താനറിയാത്ത കുട്ടികൾ കൈകാലിട്ടടിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ലൈഫ് ഗാർഡ് സൂപ്പർവൈസർ സുന്ദരേശന്റെ നേതൃത്വത്തിലുള്ള ജീവൻ രക്ഷകർ കടലിലേക്ക് എടുത്തു ചാടി. അവശനായി വെള്ളത്തിനടിയിലേക്ക് താഴ്ന്നുകൊണ്ടിരുന്ന മുട്ടത്തറ സ്വദേശി മണിക്കുട്ടൻ എന്ന ബിനു (18)നെ ആദ്യം രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
തുടർന്നു മറ്റുള്ള ആറു പേരെയും രക്ഷിച്ചുകൊണ്ടുവന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നീന്താൻ വശമില്ലായിരുന്ന അഭിജിത്ത് ആഴങ്ങളിൽ താഴ്ന്ന കാര്യം ആദ്യമാരും അറിഞ്ഞില്ല. വൈകുന്നേരത്തോടെ കൂടെയുണ്ടായിരുന്നവർ വീട്ടുകാരെ അറിയിക്കുന്പോഴാണ് ഒരാൾ കടലിൽ താഴ്ന്ന വിവരം അധികൃതർ അറിയുന്നത്.
തുടർന്നു തീരദേശ പോലീസും ലൈഫ് ഗാർഡുമാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ കോവളത്തെ ചിപ്പി ത്തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ ഹൗവ്വാബീച്ചിനു സമീപത്തെ പാറക്കുട്ടത്തോടു ചേർന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം എസ് എംവി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിയായിരുന്നു അഭിജിത്ത്.
സഹോദരി അച്ചു ബാംഗ്ലൂരിൽ നാഴ്സിംഗ് പഠനത്തിനിടയിൽ ഒരു വർഷം മുൻപ് മരണമടഞ്ഞു. വിഴിഞ്ഞം തീരദേശ പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വിദേശത്ത് നിന്ന് ഇന്നു പിതാവ് എത്തിയ ശേഷം പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ക്രിസ്മസ് ദിനത്തിൽ സെന്റ് ആൻഡ്രൂസ് കടപ്പുറത്തും അഞ്ചുതെങ്ങിലും തിരയിൽപ്പെട്ട് രണ്ട് പേരെ കാണാതാവുകയും ചെയ്തു. മേനംകുളം ചിറ്റാറ്റുമുക്ക് സെൻറ് ആൻഡ്രൂസ് പാലത്തിന് സമീപം എം.കെ. ഭവനിൽ താമസിക്കുന്ന പ്ലസ് ടു വിദ്യാർഥി നെവിൻ (18) നെയും അഞ്ചുതെങ്ങ് കടപ്പുറത്ത് കുളിയ്ക്കാനിറങ്ങിയ കടയ്ക്കാവൂർ സ്വദേശി അരുണി(20) നെയുമാണ് കാണാതായത്. ഇരുവർക്കും വേണ്ടി കോസ്റ്റൽ പോലീസ് മറൈൻ എൻഫോഴ്സ്മെൻറും തെരച്ചിൽ തുടരുകയാണ്.