യുവാവിനെ മർദിച്ച് അവശനാക്കിയ സംഭവം : കുപ്രസിദ്ധ ഗുണ്ട സോജുവിന്റെ കൂട്ടാളികൾ പിടിയിൽ
1490272
Friday, December 27, 2024 6:28 AM IST
പേരൂർക്കട: യുവാവിനെ മർദിച്ചവശനാക്കിയ സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട അമ്മയ്ക്കൊരു മകൻ സോജുവിന്റെ കൂട്ടാളികളായ മൂന്നുപേർ കൂടി കരമന പോലീസിന്റെ പിടിയിലായി.
ആറ്റുകാൽ ചിറപ്പാലം ആറ്റുപറമ്പ് വീട്ടിൽ പ്രശാന്ത് (37), കാലടി ചാപ്പറമ്പിൽ വീട്ടിൽ ഷാജി (43), ചാപ്പറമ്പിൽ വീട്ടിൽ രാജേഷ് (39) എന്നിവരാണ് പിടിയിലായത്. പേട്ട സ്വദേശിയായ യുവാവിന്റെ വീട്ടിൽ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ തുക പ്രതികൾ ആവശ്യപ്പെടുകയും ഇത് വിസമ്മതിച്ചതോടെ യുവാവിനെ സോജുവിന്റെ വീട്ടിൽ എത്തിച്ചശേഷം മർദിക്കുകയുമായിരുന്നു.
സംഭവത്തിൽ അമ്മയ്ക്കൊരു മകൻ സോജുവും കൂട്ടാളികളായ വിജയകുമാറും കിരണും നേരത്തെ അറസ്റ്റിലായിരുന്നു. കന്റോൺമെൻറ് എസി പ്രസാദിന്റെ നേതൃത്വത്തിൽ കരമന സിഐ എസ്.അനൂപ്, എസ്.ഐ. അജിത്ത് കുമാർ, സിപിഒമാരായ ഹരീഷ് ലാൽ, കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും ഉണ്ടായത്.
പ്രതികളെ കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.