ഉപജില്ലാ കലോത്സവ കിരീടത്തിനായി സ്കൂളുകളുടെ പോരാട്ടത്തിനു വാശിയേറി
1478458
Tuesday, November 12, 2024 6:42 AM IST
നെയ്യാറ്റിന്‍കര : ബാലരാമപുരം ഉപജില്ലാ കലോത്സവത്തില്‍ സംസ്കൃതം, അറബിക് കലോത്സവങ്ങളിലെ എല്ലായിനങ്ങളും പൂര്‍ത്തിയായി. സംസ്കൃതം യുപി വിഭാഗത്തില്‍ പള്ളിച്ചല്‍ എസ്ആര്‍എസ് യുപി സ്കൂളും എച്ച് എസ് വിഭാഗത്തില്‍ നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളും ഏറ്റവും കൂടുതല്‍ പോയിന്റ് നേടി. അറബിക് എല്‍പി വിഭാഗത്തില്‍ മുട്ടയ്ക്കാട് എല്‍എംഎസ് എല്‍പി സ്കൂളും യുപി വിഭാഗത്തില്‍ വെങ്ങാനൂര്‍ ഗേള്‍സ് സ് കൂളും എച്ച്എസ് വിഭാഗത്തില്‍ ബാലരാമപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും ഒന്നാമതെത്തി.
കോട്ടുകാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മോഹനം, ഹംസധ്വനി, ശിവരഞ്ജിനി, ചന്ദ്രകാന്തം, കല്യാണി, നാദധ്വനി, തരംഗിണി, നീലാംബരി എന്നിങ്ങനെ എട്ട് വേദികളിലായി ഇന്നലെ നൃത്ത- സംഗീത മത്സരങ്ങള്‍ അരങ്ങേറി. കലോത്സവ കിരീടം ചൂടാനുള്ള തയാറെടുപ്പുകളോടെ എത്തിയ സ്കൂളുകള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് ഇന്നലെ വേദികളെല്ലാം സാക്ഷ്യംവഹിച്ചു. എച്ച്എസ് വിഭാഗം തിരുവാതിരയില്‍ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസിലെ ആരാധനാ സജീവും സംഘവും ഒന്നാമതെത്തി.
സംഘനൃത്തത്തില്‍ വെങ്ങാനൂര്‍ വിപിഎസ് മലങ്കര എച്ച്എസ്എസിലെ എ. വൈഗയും സംഘവും ജേതാക്കളായി. അതേ സമയം, എച്ച്എസ്എസ് വിഭാഗത്തില്‍ തിരുവാതിരയിലും സംഘനൃത്തത്തിലും ആതിഥേയ വിദ്യാലയത്തിലെ ടീമുകളാണ് ജില്ലാ മത്സരത്തിലേയ്ക്ക് യോഗ്യത നേടിയത്. ആര്. രുദ്രാ രമേഷും സംഘവും തിരുവാതിരയിലും ശ്രീദേവി എസ്. ബിജുവും സംഘവും സംഘനൃത്തത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കി. യുപി വിഭാഗം തിരുവാതിരയില്‍ വെങ്ങാനൂര്‍ വിപിഎസ് മലങ്കര എച്ച് എസ്എസിലെ എ.വി. ഗാര്‍ഗിയും സംഘവും വിജയിച്ചു.
ഹൈസ്കൂള്‍ വിഭാഗം നാടന്‍പാട്ടില്‍ നേമം വിക്ടറി ഗേള്‍സ് എച്ച് എസിലെ ശ്രദ്ധ എം. നായരും സംഘവും വഞ്ചിപ്പാട്ടില്‍ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസിലെ ആര്.ആര്. ദേവികയും സംഘവും വിജയം നേടി.
സൗഹൃദകലയുടെ മഹോത്സവമാണ് കോട്ടുകാലില്‍ പുരോഗമിക്കുന്നതെന്നു എഇഒ കവിതാ ജോണ്‍ പറഞ്ഞു. തിരുവാതിരയും സംഘനൃത്തവും അരങ്ങേറുന്ന വേദികളില്‍ മാത്രമല്ല, മാര്‍ഗംകളിക്കും ചവിട്ടുനാടകത്തിനും ആസ്വാദകര്‍ ഏറെ. മാപ്പിളപ്പാട്ടിന്റെ ഇശലുകളും വഞ്ചിപ്പാട്ടിന്റെ ഈണവും നാടന്‍പാട്ടിന്റെ ഇഴക്കവുമൊക്കെ കത്തിക്കയറുന്പോള് സദസും താളബോധത്തോടെ ഒപ്പംചേര്‍ന്നു. പദ്യം ചൊല്ലിയും അക്ഷരശ്ലോകം, കാവ്യകേളി എന്നിവ അവതരിപ്പിച്ചും പ്രസംഗിച്ചും അഭിനയിച്ചുമൊക്കെ കലയുടെ പ്രൗഢോജ്വല പാതകളിലൂടെ പുതുതലമുറയുടെ പ്രതിനിധികള്‍ ആവുംവിധംമികവിന്റെ നേര്‍ക്കാഴ്ചയായി.
b>സ്വന്തം ലേഖകന്‍