ജലജീവൻ മിഷന്റെ പൈപ്പ് ലൈനിനു കുഴിയെടുത്തതു പൊല്ലാപ്പായി
1478457
Tuesday, November 12, 2024 6:42 AM IST
കാട്ടാക്കട: ജലജീവൻ മിഷൻ പൈപ്പ് ലൈനിനായി കുഴിയെടുത്തു, പൂവച്ചൽ - പട്ടകുളം റോഡ് ചെളിക്കളമായി. മുളമൂട് മുതൽ കുറകോണം വരെ റോഡിന്റെ മധ്യഭാഗത്തിലൂടെ ചാലെടുത്ത് പൈപ്പ്ലൈൻ സ്ഥാപിച്ചതാണ് റോഡിന്റെ തകർച്ചയ്ക്കുളള പ്രധാന കാരണം.
പൈപ്പിടൽ മുക്കാൽ ഭാഗമായപ്പോൾ കരാറുകാരൻ പണിനിറുത്തി പോയതോടെ റോഡിന്റെ ദുരിതം തുടങ്ങി. പൂവച്ചലുകാർക്ക് മുളമൂടുനിന്ന് പട്ടകുളം വഴി വീരണകാവിലേക്കും നെയ്യാർഡാമിലേക്കും പോകാനായുളള എളുപ്പവഴിയാണിത്.
മഴപെയ്താൽ റോഡ് മുഴുവൻ ചെളിക്കളമായി മാറി. ഇതോടെ കാൽനടയാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ കുറേ മാസങ്ങളായി കാട്ടാക്കട താലൂക്കിന്റെ ആർടിഒ വാഹന ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് കുറകോണത്തുളള ഗ്രൗണ്ടിലാണ്. ടെസ്റ്റ് ദിവസങ്ങളിൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
മഴയത്ത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ടാർ ഇളകിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുസഹമാണ്. കുറകോണത്തെ കോളനിവാസികൾക്കും യാത്ര ദുഷ്ക്കരമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലാപഞ്ചായത്ത് 25ലക്ഷം രൂപ റീടാറിംഗിനായി അനുവദിച്ചിരുന്നു. ജലജീവൻ മിഷന്റെ അശാസ്ത്രീയത കാരണം ആ തുകയും നഷ്ടപ്പെട്ടു. നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതു വരെ ഫലമുണ്ടായില്ല.