വിതുരയിൽ കാട്ടുപന്നി ശല്യം വർധിക്കുന്നതായി പരാതി
1460962
Monday, October 14, 2024 6:03 AM IST
വിതുര: വിതുര ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. വിതുര പഞ്ചായത്തിലെ മേമല, പേപ്പാറ, തള്ളച്ചിറ, മുളക്കോട്ടുകര, ചേനൻപാറ, വിതുര വാർഡുകളിലാണ് കാട്ടുപന്നി കൂട്ടത്തിന്റെ സാന്നിധ്യം ഏറെയുള്ളത്.
വൈകുന്നേരം സമയങ്ങളിൽ ഇവയെ പേടിക്കാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നികൾ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ച് യാത്രക്കാർക്ക് അപകടമുണ്ടാകുന്നതും പലരം മരണപ്പെടുന്നതും നിരവധിയാണെന്നും പറയുന്നു.
തൊളിക്കോട്ടെ നാഗര റൂട്ടിലെ പ്ലാന്തോട്ടത്ത് ബൈക്കിൽ കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22) മരണപ്പെട്ടത് ഈയിടെയാണ്. ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിന് സാരമായ പരിക്ക് പറ്റിയിരുന്നു.
ചായം സ്വദേശിയായ ജൈവ കർഷകൻ കല്ലണ സുനിൽ മരണപ്പെട്ടതും അടുത്തിടെയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുപോലെ നാശം വിതയ്ക്കുന്ന പന്നിക്കൂട്ടത്തെ തുരത്തുവാൻ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ലെന്നു നാട്ടുകാർ പറയുന്നു.