കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഹോട്ടലിൽനിന്നു 10,000 രൂപ കവർന്നു
1453310
Saturday, September 14, 2024 6:21 AM IST
കാട്ടാക്കട: കട്ടക്കോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കൃപ റെസ്റ്റോറന്റിൽ മോഷണം. വെള്ളിയാഴ്ച പുലർച്ചെ രണ്ടര മണിയോടെ മോഷണം നടന്നതായാണു സിസിടിവിയിൽ തെളിഞ്ഞിട്ടുള്ളത്. കടയുടെ ഉടമസ്ഥനായ മുഴുവൻകോട് അന്ന ഭവനിൽ സാബു രാവിലെ 5.30നു കട തുറക്കുന്നതിനായി എത്തിയപ്പോഴാണു കടയുടെ പുറകിലെ വാതിലിന്റെ പൂട്ടുപൊളിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്നു കടയ്ക്കുള്ളിൽ നടത്തിയ പരിശോധനയിൽ മേശ കുത്തിത്തുറന്ന് ഇതിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയോളം കറൻസികളും അതിനോടൊപ്പമുണ്ടായിരുന്നു 500 രൂപയുടെ നാണയത്തുട്ടുകളും ഉൾപ്പെടെ മോഷണം പോയതായി കടയുടമ സാബു പറഞ്ഞു.
കടക്കുള്ളിലെ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ദിവസങ്ങൾക്കു മുൻപ് കടയുടെ പുറകിൽ ഉണ്ടായിരുന്ന കിണറിൽ നിന്നും മോട്ടോർ പമ്പും മോഷണം പോയിരുന്നു. ഇന്നലെയുണ്ടായ മോഷണത്തിൽ 50,000 രൂപയിൽ കൂടുതൽ നഷ്ടം സംഭവിച്ചിട്ടുള്ളതായി കാട്ടാക്കട സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ സാബു പറഞ്ഞു. ഒരുമാസം മുൻപാണ് കട്ടക്കോട് ചർച്ചിലും കുരിശടിയിലും മോഷണം നടന്നത്.
കട്ടക്കോട് ഭാഗങ്ങളിൽ മോഷണ പരമ്പര തന്നെയാണു കുറച്ചു നാളായിയെന്നു നാട്ടുകാർ പറയുന്നു. പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെയും പ്രതികളെ കണ്ടെത്താനുമായിട്ടില്ല. സിസിടിവികൾ ഉണ്ടായിട്ടും മോഷണങ്ങൾക്ക് ഒരു കുറവും വരുന്നില്ല, ഉടൻ പരിഹാരം കാണുന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.