ആവേശം ചോരാതെ ആറ്റിങ്ങലിലും
1416950
Wednesday, April 17, 2024 6:16 AM IST
തിരുവനന്തപുരം: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ സ്ഥാനാർഥി പര്യടനം ഇന്നലെ രാവിലെ കടമുക്ക് ജംഗ്ഷനിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതായി കഴിഞ്ഞതായി വി. ശിവൻകുട്ടി പറഞ്ഞു.
ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിന്റെ എഴുപതോളം കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ സ്ഥാനാർഥി പര്യടനം നടന്നത്. നൂറുകണക്കിനു പേരാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ സ്വീകരിക്കാനായി കാത്തുനിന്നത്. പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ മൂന്നുകേന്ദ്രങ്ങളിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പങ്കെടുത്ത പൊതുയോഗങ്ങളും ഇന്നലെ നടന്നു.
രാജ്യത്തെ ജനാധിപത്യ സംവിധാനം തച്ചു തകർത്തു കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ജയ് ശ്രീരാം വിളിക്കുന്പോൾ കോണ്ഗ്രസ് ജയ് ഹനുമാൻ എന്ന് വിളിക്കുന്നു. ഇടതുപക്ഷം മാത്രമാണ് ഹിന്ദുത്വ അജണ്ട എതിർക്കുന്നതെന്നും പ്രകാശ് കാരാട്ട് ഓർമിപ്പിച്ചു. ഇന്ന് അരുവിക്കര മണ്ഡലത്തിലാണ് സ്ഥാനാർഥിപര്യടനം.
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനെ സ്വീകരിക്കാൻ വൻ ജനാവലിയാണ് സ്വീകരണ സ്ഥലങ്ങളിൽ ഇന്നലെയും ഉണ്ടായിരുന്നത്. പ്രവർത്തകരും ജനങ്ങളും പലസ്ഥലങ്ങളിലും പര്യടന പരിപാടിയിൽ തടിച്ചുകൂടി. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉള്ള മറുപടിയായി ഈ തെരഞ്ഞെടുപ്പിനെ കാണുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് അടൂർ പ്രകാശിന്റെ പര്യടന പരിപാടികളിൽ ജനങ്ങൾ പങ്കെടുക്കുന്നത്.
ഇന്നലെ രാവിലെ പ്രാവച്ചന്പലത്തിൽനിന്നും ആരംഭിച്ച പര്യടന പരിപാടി വെടിവെച്ചാൻകോവിൽ, ഉൗരൂട്ടന്പലം, മാറനെല്ലൂർ, അരുമാളൂർ ആമച്ചൽ, കിള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി രാത്രി വൈകി കാട്ടാക്കടയിൽ വാഹന പര്യടനം അവസാനിപ്പിച്ചു.
നരുവാമൂടിലെ ജനങ്ങൾ പൂച്ചെണ്ടുകൾ നൽകിയായിരുന്നു സ്ഥാനാര് ഥിയെ സ്വീകരിച്ചത്. ജനങ്ങളുടെ സ്നേഹസ്വീകരണങ്ങൾ ഏറ്റുവാങ്ങി നന്ദി പറഞ്ഞാണ് ഓരോ പര്യടന കേന്ദ്രങ്ങളിലും സന്ദർശിക്കുന്ന അടൂർ പ്രകാശ് മടങ്ങുന്നത്. ഇന്ന് അരുവിക്കര, വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ പഞ്ചായത്തുകളിലാണ് പര്യടനം നടത്തുന്നത്.
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി. മുരളീധരനും ഇന്നലെ വൻ സ്വീകരണമാണ് മണ്ഡലത്തിൽനിന്നും ലഭിച്ചത്. പ്രവർത്തകരും പൊതുജനങ്ങളുമടക്കം നിരവധി പേരാണ് പ്രചാരണത്തിന് അ ദ്ദേഹത്തെ അനുഗമിക്കുന്നത്.