വിഷുവിനും വിശ്രമമില്ലാതെ പര്യടനം; മണ്ഡലം നിറഞ്ഞ് വി. മുരളീധരന്
1416570
Tuesday, April 16, 2024 12:10 AM IST
ആറ്റിങ്ങല്‍: വീരകേരളപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം ബിജെപി എന്‍ഡിഎ സ്ഥാനാര്‍ഥി വി. മുരളീധരന് വിഷു ദിനത്തിലെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ചിറയിന്‍കീഴ് ശര്‍ക്കര ക്ഷേത്രത്തിലും നാവായിക്കുളത്ത് ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലും വി. മുരളീധരന് ദര്‍ശനം നടത്തി.
ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രപരിസരത്ത് ബാലഗോകുലം ആരംഭിക്കുന്ന ഉദ്യാനത്തില്‍ അദ്ദേഹം പിച്ചിതൈ നട്ടു. ചെറുന്നിയൂര്‍ പഞ്ചായത്തിലെ രണ്ട് കോളനികളും വി മുരളീധരന് സന്ദര്‍ശിച്ചു. പമ്പ ചാണയക്യല് കോളനിയും കല്ലുമല കോളനിയുമാണ് വി.മുരളീധരന് സന്ദര്‍ശിച്ചത്. പമ്പാ ചാണയ്ക്യല് കോളനിയില്‍ അംബേദ്കറുടെ ഛായാ ചിത്രത്തില്‍ മുമ്പില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. രണ്ട് കോളനികളിലും തെരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇന്നലെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രചാരണ പരിപാടിയിലായിരുന്നതിനാല് സ്ഥാനാര്‍ഥി പര്യടനമില്ലായിരുന്നു.
ആറ്റിങ്ങലിന്റെ മനസുനിറഞ്ഞ് അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ പ്രതിഷേധ വേദിയാക്കി തെരഞ്ഞെടുപ്പു പ്രചാരണത്തെ മാറ്റി യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ മണ്ഡല പര്യടനം. ഇന്നലെ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കോയിക്കലില്‍ നിന്നുമാണ് പ്രചരണം ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് പാലോട് രവി പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പിന്നോട്ട് നയിച്ച മോദി സര്‍ക്കാരിനെയും ജനവിരുദ്ധ പിണറായി സര്‍ക്കാരിനെയും താഴെയിറക്കാന്‍ കാത്തിരുന്ന ജനതയ്ക്ക് ഒരു സുവര്‍ണാവസരം വന്നിരിക്കുന്നുവെന്നും പാലോട് രവി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കല്ലറ സുകു അധ്യക്ഷത വഹിച്ചു. ബൈക്ക് റാലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആവേശകരമായ പ്രചാരണ പരിപാടിയാണ് നടന്നത്. കോയിക്കലില്‍ നിന്നും ആരംഭിച്ച പ്രചരണ പരിപാടി മാര്‍ക്കറ്റ് ജംഗ്ഷന്, മഞ്ച ബിഎച്ച്എസ്, പേരുമല വഴി വട്ടപ്പാറയില്‍ എത്തി ഉച്ച വിശ്രമം നടത്തി. വൈകുന്നേരം മൂന്നുമണിക്ക് പ്രശാന്ത് നഗറില്‍ നിന്നുമാരംഭിച്ച അടൂര്‍ പ്രകാശിന്റെ പര്യടനം നരിക്കല്ല്, കൊല്ലങ്കാവ്, വാ വഴി മുതിയന്കാവില് എത്തി സമാപിച്ചു.
അരുവിക്കരയുടെ മനസ് കീഴടക്കി വി. ജോയി
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ജോയിയുടെ സ്ഥാനാര്‍ത്ഥി പര്യടനം അരുവിക്കര മണ്ഡലത്തിലെ രണ്ടാംഘട്ടവും പൂര്‍ത്തിയായി.

രാവിലെ കാട്ടാക്കട ചന്തനടയില് നിന്ന് ആരംഭിച്ച സ്ഥാനാര്‍ത്ഥി പര്യടനം അഡ്വ. ജി സ്റ്റീഫന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അറുപതോളം കേന്ദ്രങ്ങളില്‍ ആവേശ ഉജ്ജ്വലമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. അരുവിക്കരയുടെ ഗ്രാമീണ നന്മ വിളിച്ച് പറയുന്ന സ്വീകരണ ഉപഹാരങ്ങള്‍ പല കേന്ദ്രങ്ങളിലും ശ്രദ്ധേയമായി. ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥി എത്തിയത്.
ചൊവ്വാഴ്ച ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് സ്ഥാനാര്‍ഥി പര്യടനം നിശ്ചയിച്ചിട്ടുള്ളത്. അഡ്വ.വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണര്ഥം സിപിഎം പോളിറ്റ്ബ്യൂഅംഗം പ്രകാശ് കാരാട്ട് ഇന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ മൂന്ന് പൊതുയോഗങ്ങളില്‍ സംസാരിക്കും. രാവിലെ 10 മണിക്ക് കല്ലറയിലും വൈകുന്നേരം 5 മണിക്ക് കരകുളം ജംഗ്ഷനിലും തുടര്‍ന്ന് 6.30 ക്ക് ആര്യനാട് ജംഗ്ഷനിലുമാണ് പ്രകാശ് കാരാട്ട് സംസാരിക്കുക.
ആവേശ തരംഗം തീര്‍ത്ത് തരൂര്‍
തിരുവനന്തപുരം: ഇന്നലെ തരൂരിന്റെ പര്യടനം കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ചെമ്പഴന്തി ഗുരുകുലം ജംഗ്ഷനില്‍ നിന്നുമാണ്. ശ്രീ നാരായണ ഗുരു കുലത്തിനുള്ളിലെത്തി ഗുരു സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷമാണ് ശശി തരൂര്‍ പര്യടനം ആരംഭിച്ചത്. ഗുരുകുലം ജംഗ്ഷനില്‍ നിന്നാരംഭിച്ച പര്യടനം അണിയൂര്‍ ആനന്ദേശ്വരം, ചെങ്കോട്ട കോണംവഴി സ്വാമിയാര് മഠം, ഞണ്ടൂര്‍കോണം, പുളിയംകോട് വഴി അരശുമൂട്ടിലെത്തി. തുടര്‍ന്ന് ജ്യോതിസ് സ്കൂള്‍ ജംഗ്ഷനില്‍ ഉച്ചവിശ്രമം. ഉച്ചകഴിഞ്ഞ് 3.30 ന് വീണ്ടും ആരംഭിച്ച പര്യടനം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്, കല്ലിംഗല്‍ തൃപ്പാദപുരം, അമ്പലത്തിന്‍കര, നേടിയക്കോണം, പുന്നോട്ട്ക്ഷേത്രം, കുമിഴിക്കര വഴി വേളി പള്ളിക്കു സമീപത്ത് രാത്രി പത്തോടെ സമാപിച്ചു.

ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ തരൂര്‍ പര്യടനം നടത്തും. തരൂരിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നടത്തുന്ന റോഡ് ഷോയും ഇന്നു നടക്കും. ചാല മുതല്‍ കിഴക്കേക്കോട്ട വരെയാണ് റോഡ് ഷോ.
കോവളത്തെ ഇളക്കിമറിച്ച് പന്ന്യന്റെ പര്യടനം
തിരുവനന്തപുരം: കോവളം മണ്ഡലത്തെ ഇളക്കിമറിച്ച് പന്ന്യന്‍ രവീന്ദ്രന്റെ രണ്ടാംഘട്ട പര്യടനം .രാവിലെ 8ന് കോവളം കെ.എസ് റോഡില്‍ നിന്നാരംഭിച്ച പര്യടനം ആര്‍ജെ.ഡി നേതാവ് ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. പര്യടനം രാത്രി വൈകി ചൊവ്വരയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ആര്.എസ്.ജയന്, ആദര്‍ശ് കൃഷ്ണ, കണ്ണന് എസ് ലാല്‍, പി എസ് ആന്റസ്, ശരണ്‍ ശശാങ്കന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
താന്‍ ജന കോടീശ്വരനെന്ന്
വെള്ളറട: ശതകോടിശ്വരന്മാരുടെ ഇടയില്‍ താന്‍ ജനകോടിശ്വരനാണെന്നും സാധാരണകരായ ജനങ്ങളാണ് തന്റെ സമ്പത്തെന്നും പന്ന്യന്‍ രവീന്ദ്രന്.പറശാല നിയോജകമണ്ഡലത്തിലെ കുന്നത്തുകാല്‍ കുളക്കോട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ ആനാവൂര്‍ ലോക്കല്‍ സെക്രട്ടറി അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
മോദിയുടെ വീക്ഷണം പറഞ്ഞ് രാജീവ്
തിരുവനന്തപുരം: കാട്ടക്കട ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് പ്രാധ്യാന്യം നല്കിക്കൊ ാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ പ്രചാരണത്തിന് വൈബ് കൂട്ടിയത്. തലസ്ഥാനത്തെ യുവാക്കളുടെ ഒരു കാലഘട്ടത്തെയാണ് ഇരുമുന്നണികളും ചേര്‍ന്ന് തകര്‍ത്തതെന്ന് രാജീവ് ചന്ദ്രശേഖര്‍ പരിപാടിയിലെ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സമയമാകണം. ഇവിടെ മാറ്റം കൊണ്ടുവരേണ്ടത് നമ്മളോരോര്ത്തരുമാണ്. എന്തിനാണ് ജനം നേതാക്കന്മാരെയും സര്‍ക്കാരിനെയും തിരഞ്ഞെടുക്കുന്നത്? നാടിന്റെ നാളെയെ മുന്നില്‍ കണ്ട് മുന്നോട്ടു കൊണ്ടുപോകാന്‍ കേന്ദ്രത്തിലും കേരളത്തിലും ഇരു സര്‍ക്കാരിനും ജനം സമയം കൊടുത്തു. 2004 മുതല്‍ 2014 വരെ ജനം കോണ്‍ഗ്രസിന് രാജ്യഭരണം നല്കി. 10 വര്‍ഷം യുപിഎ സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് നാം കണ്ടു. രാജ്യം ദാരിദ്രത്തിലേക്ക് കൂപ്പുകുത്തി. സിപിഎമ്മിന് കേരളം എട്ടു വര്‍ഷം കൊടുത്തു. എന്നാല്‍ ശമ്പളം കൊടുക്കാന്‍ കടം വാങ്ങുന്ന അവസ്ഥയിലേക്ക് കേരളത്തെ സിപിഎം എത്തിച്ചു.
ഇരുവരും കേരളത്തില്‍ ഭരണ പ്രതിപക്ഷമാണെങ്കിലും അങ്ങ് ഡല്‍ഹിയില്‍ ഒരു മേശക്കുചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്നവരാണെന്നും രാജ്യത്തെ മുന്നോട്ടു നയിക്കുവാന്‍ മോദിക്കു മാത്രമേ കഴിയൂ എന്നും രാജീവ് പറഞ്ഞു.