അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിച്ചു: മന്ത്രി ജെ. ചിഞ്ചുറാണി
1396877
Saturday, March 2, 2024 6:23 AM IST
നെടുമങ്ങാട്: വയനാട് പൂക്കോട് വെറ്റിറിനറി കോളജിലെ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ മുഖ്യമന്ത്രി പുതിയ ടീമിനെ നിയോഗിച്ചതായും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, കോളജിലും കാമ്പസിലും കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും സുരക്ഷാ നടപടികൾ കാര്യക്ഷമമാക്കാനും തീരുമാനിച്ചതായും മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.
സിദ്ദാർഥന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, എ ഷാജി, കെ .റഹീം, ജി .സുധാകരൻ നായർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
സർക്കാർ സിദ്ധാർഥന്റെ കുടുംബത്തോടൊപ്പം: മന്ത്രി വി.ശിവൻകുട്ടി
നെടുമങ്ങാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിവിഎസ്സി വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ കുടുംബത്തെ മന്ത്രി വി .ശിവൻകുട്ടി സന്ദർശിച്ചു. സിദ്ധാർഥന്റെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ സിദ്ധാർഥന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി സിദ്ധാർഥന്റെ പിതാവിനെ അറിയിച്ചു.
സംഭവത്തിന് പിന്നിൽ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും. യാതൊരുവിധ രാഷ്ട്രീയ താൽപര്യവും പരിഗണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സിപിഎം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ, നഗരസഭാ ചെയർപേഴ്സൺ സി .എസ്.ശ്രീജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി .ഹരികേശന് നായർ, കെ .റഹീം, കൗൺസിലർ എം .എസ്.ബിനു തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
റാഗിംഗിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും: മന്ത്രി ജി.ആർ.അനിൽ
നെടുമങ്ങാട്: വിദ്യാർഥികൾ റാഗിംഗ് അടക്കമുള്ള രീതിയിലേക്ക് കടക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ജി .ആർ.അനിൽ. സംസ്ഥാന സർക്കാർ റാഗിംഗിനെതിരെ കർശന നടപടി സ്വീകരിക്കും. ദുരുഹ സാഹചര്യത്തിൽ മരണപ്പെട്ട വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ദാർഥന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംഘടനകൾ തമ്മിലുള്ള തർക്കമല്ലെന്നും രണ്ട് ബാച്ചിലെ കുട്ടുകൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ഇത്തരം പ്രവർത്തനങ്ങൾക്ക് വീട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും കുറ്റക്കാർ ഏത് രാഷ്ട്രീയ പ്രവർത്തകരായാലും സംഭവം ഗൗരവമായി കണ്ട് നിയമ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.