കുടുംബവഴക്ക് : മകൾ ഉറങ്ങിക്കിടന്ന മുറിയിൽ പിതാവ് ഡീസലൊഴിച്ച് തീയിട്ടു
1375106
Saturday, December 2, 2023 12:17 AM IST
വിഴിഞ്ഞം: കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ മകൾ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസൽ ഒഴിച്ച് തീയിട്ടു. ഭാര്യയും മകളും അപകടം കൂടാതെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പ്രതിയെ വിഴിഞ്ഞം പോലീസ് പിന്തുടർന്ന് പിടികൂടി.
മുല്ലൂർ തലക്കോട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ (50) നാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുറച്ചു ദിവസമായി ഭാര്യയും മകളുമായി തർക്കത്തിൽ അകന്ന് കഴിയുന്ന രാധാകൃഷ്ണനെ വീട്ടിൽ എത്തുന്നത് വിലക്കി ഭാര്യ കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയിരുന്നു.
ഇത് ലംഘിച്ച രാധാകൃഷ്ണൻ ഇക്കഴിഞ്ഞ 24നും വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. പരാതിയെ തുടർന്ന് വിഴിഞ്ഞം പോലീസ് കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ഇതിനിടയിലാണ് ഇന്നലെ ഉച്ചക്ക് ഇയാൾ വീണ്ടുമെത്തി ആക്രമണം നടത്തിയത് . മകൾ ഉറങ്ങിക്കിടന്ന മുറിയുടെ ജനാല ചില്ലുകൾ തകർത്ത ശേഷം കൈയ്യിൽ കരുതിയിരുന്ന ഡീസൽ മുറിക്കുള്ളിലേക്ക് ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. എന്നാൽ തീ ആളിപടരുന്നത് കണ്ട് മകൾ ഓടി പുറത്തിറങ്ങി രക്ഷപ്പെട്ടു.
കട്ടിലും മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളുമെല്ലാം പൂർണമായി അഗ്നിക്കിരയായി. തൊട്ടടുത്ത മുറിയിയിലും ഡീസൽ ഒഴിച്ച് വസ്ത്ര ങ്ങൾ ഉൾപ്പെടെ കത്തിച്ചശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം സിഐ പ്രജീഷ് ശശി, എസ്ഐമാരായ വിനോദ്, ജയകുമാർ , എഎസ്ഐമാരായ ജോൺ , പ്രസാദ്, സിപിഒ സുജിത് എന്നിവർ പ്രതിയെ പിന്തുടർന്ന് പിടികൂടി. ഫോറൻസിക് വിഭാഗം വീട്ടിൽ പരിശോധന നടത്തുമെന്ന് സിഐ അറിയിച്ചു.