മെഡിക്കൽ കോളജിൽ പുതുക്കിയ ഐസിയു നിരക്കുകൾ പിൻവലിക്കും
1338332
Tuesday, September 26, 2023 12:14 AM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ഐസിയുവിനും വെന്റിലേറ്ററിനുമുള്ള പുതുക്കിയ നിരക്കുകൾ പിൻവലിക്കുമെന്ന് സൂപ്രണ്ട് ഡോ. എ. നിസാറുദീൻ അറിയിച്ചു.
അതേസമയം എപിഎൽ കാർഡ് ഒഴികെയുള്ള എല്ലാവർക്കും ഇവ സൗജന്യമാണ്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഐസിയുവിലെ ഫീസ് ഈടാക്കൽ താത്കാലികമായി നിർത്തിവച്ചത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി വികസന സമിതി ഫീസ് പുനരാംഭിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിൽ ലഭ്യമായ വിവിധ ചികിത്സാപദ്ധതികളിൽ അവയുടെ പാക്കേജിലുൾപ്പെട്ടിട്ടുള്ളതിനാൽ ഫീസ് ഈടാക്കില്ല.
മോർച്ചറിയിൽ ഫീസ് ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതു നിർത്തിവച്ചതു സംബന്ധിച്ചും സൂപ്രണ്ട് വ്യക്തത വരുത്തി. ദിവസേന 20 പോസ്റ്റുമോർട്ടംവരെ നടക്കുന്ന സാഹചര്യത്തിലും അത്രയുംതന്നെ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട അവസ്ഥയിലും പുറത്തു നിന്നുകൊണ്ടുവരുന്ന മൃതദേഹം സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, ഇടതടവില്ലാതെ പ്രവർത്തിക്കുന്നതിനാൽ അറ്റകുറ്റപ്പണിക്ക് അഞ്ചു ഫ്രീസറുകൾ വരെ മാറ്റിവയ്ക്കേണ്ടിയും വരും. ഈ സാഹചര്യത്തിലാണ് വാടക ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതിനു കഴിയാതെ വരുന്നതെന്നും ഡോ. എ. നിസാറുദീൻ വ്യക്തമാക്കി.