യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച കേസ്: ആറ് പേര് അറസ്റ്റിൽ
1301170
Thursday, June 8, 2023 11:44 PM IST
പേരൂർക്കട: പേട്ട റെയില്‍വേ പ്ലാറ്റ് ഫോമില്‍ കഴിഞ്ഞദിവസം യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ അഞ്ച് യുവാക്കളെയും ഒരു പ്രായപൂര്‍ത്തിയാകാത്ത ആളെയും വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ബാലു ഭവനില്‍ ബാലുവിനെ മർദിച്ച കേസിൽ തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു (18), അനന്ദു (18) , ആദിത്യന് (18) , ജിത്തു (18) , കൃഷ്ണരാജ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം ചാക്ക ഐടിഐയിലെ വിദ്യാര്‍ഥികളാണ്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു കേസിനിടയാക്കിയ സംഭവം നടന്നത്.
റെയില്‍വേ പ്ലാറ്റ് ഫോമിന് സമീപം താമസിക്കുന്ന ബാലുവിന്റെ വീടിന് മുന്നില്‍ പതിവായി സിഗരറ്റ് വലിച്ച് ബഹളമുണ്ടാക്കിയിരുന്ന പ്രതികളെ ബാലു വിലക്കിയതാണ് മര്ദനത്തിനിടയായത്.തുടർന്ന് കൂട്ടം ചേര്‍ന്നെത്തിയ പ്രതികള്‍ ഇരുമ്പ് കമ്പിയും ആയുധങ്ങളുമായെത്തി ബാലുവിനെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു.
ഇതില്‍ 21 പേര്‍ക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.