മയക്കുമരുന്നു വിൽപനക്കാരന് ജാമ്യമില്ല
1300686
Wednesday, June 7, 2023 12:11 AM IST
തിരുവനന്തപുരം: കഴിഞ്ഞ ഒന്‍പതു മാസമായി ജയിലിൽ കഴിയുന്ന മയക്കുമരുന്നു വിൽപനക്കാരനു കോടതി ജാമ്യം നിഷേധിച്ചു.
മയക്കുമരുന്നു കേസിൽ ജയിലിലായ ഇയാൾ ജയിലിൽവച്ച് മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസ് കേസ് എടുത്തിരുന്നു. കേശവദാസപുരം ലക്ഷ്മീ നഗർ സാഗിൽ സജിയുടെ ജാമ്യ ഹർജിയാണ് തള്ളിയത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് ഹർജി പരിഗണിച്ചത്. പ്രതി കഴിഞ്ഞ ഒന്‍പതു മാസമായി തടവിലാണെന്നും പ്രതിക്ക് അയാളുടേതായ അവകാശമുണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിക്കു വേണ്ടി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി നിയമിച്ച ചീഫ് ഡിഫൻസ് കൗണ്‍സിൽ കോടതിയിൽ നേരിട്ട് എത്തി വാദിച്ചിരുന്നു. മയക്കുമരുന്നു വിൽപനക്കാരനായ പ്രതിക്ക് ജാമ്യം നൽകിയാൽ അതു പൊതു സമൂഹത്തോടു ചെയ്യുന്ന അനീതിയാകുമെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ വാദിച്ചു.
മാത്രമല്ല പ്രതി ഇത്രയധികം സുരക്ഷയുള്ള ജയിലിൽവച്ചു പോലും മയക്കു മരുന്ന് ഉപയോഗിച്ചത് നിസാരമായി കാണാനാകില്ല. പ്രതി ജയിലിലായിട്ടും അയാളുടെ മയക്കുമരുന്നു ശൃംഖലയുടെ കണ്ണികൾ മുറിഞ്ഞിട്ടില്ലെന്ന് ഇതുതെളിയിക്കുന്നതായി പ്രോസിക്യൂട്ടർ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ചീഫ് ഡിഫൻസ് കൗണ്‍സിലിന്റെ വാദം തളളിയാണ് പ്രതിയുടെ ജാമ്യം നിഷേധിച്ചത്.
പ്രതിഷേധ ധർണ
മെഡിക്കൽ കോളജ്: എഐ കാമറ അഴിമതിയിൽ പ്രതിഷേധിച്ച ഉള്ളൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കെപിസിസി അംഗം എം.എ. വാഹിദ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ കാമറയിൽ റീത്തുവച്ച് പ്രതിഷേധിച്ചു. ഉള്ളൂർ മുരളി അധ്യക്ഷത വഹിച്ചു.