യുഡിഎഫിന്റെ അവിശ്വാസത്തെ എല്‍ഡിഎഫിലെ ചില കൗണ്‍സിലര്‍മാര്‍ പിന്തുണച്ചേക്കാം: ജെ. ജോസ് ഫ്രാങ്ക്ളിന്
1280365
Thursday, March 23, 2023 11:47 PM IST
നെയ്യാറ്റിന്‍കര: യുഡിഎഫ് 29ന് നഗരസഭ ചെയര്‍മാനെതിരെ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫിലെ ചില കൗണ്‍സിലര്‍മാര്‍ പിന്തുണച്ചേക്കാമെന്ന് പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിന്, ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വെണ്‍പകല്‍ അവനീന്ദ്രകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.
നിസഹായയും നിരാലംബയുമായ ഒരു അമ്മയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യമായാണ് നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
തവരവിള സ്വദേശിനിയായ വൃദ്ധയുടെ പുരയിടവും സ്വര്‍ണവും കബളിപ്പിച്ചു കൈക്കലാക്കിയ തവരവിള കൗണ്‍സിലര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കഴിഞ്ഞ രണ്ടുമാസത്തിലേറെയായി സമരമുഖത്താണ്. കൗണ്‍സില്‍ യോഗങ്ങളിലും യുഡിഎഫ് ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ നിയമസഭയിലെന്നപോലെ നഗരസഭയിലും പ്രതിപക്ഷത്തെ കേള്‍ക്കാനുള്ള സഹിഷ്ണുത എല്‍ഡിഎഫിന് ഇല്ലായെന്നും ജോസ് ഫ്രാങ്ക്ളിന് ആരോപിച്ചു.
വൃദ്ധയെ കബളിപ്പിച്ചതിലൂടെ കൗണ്‍സിലറും കൗണ്‍സിലറെ സംരക്ഷിക്കുന്നതിലൂടെ ചെയര്‍മാനും സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്നു. ബിജെപിയുമായി യാതൊരുവിധ അവിശുദ്ധ കൂട്ടുകെട്ടുമില്ലെന്നും വികസനത്തിനൊപ്പം നിന്ന ചരിത്രമേ യുഡിഎഫിനുള്ളൂവെന്നും ജോസ് ഫ്രാങ്ക്ളിന് കൂട്ടിച്ചേര്‍ത്തു.