വേനൽ കടുത്തു; തീപിടിത്തം വ്യാപകം
1280024
Wednesday, March 22, 2023 11:55 PM IST
കാട്ടാക്കട : കാട്ടാക്കട ചന്തയിലെ മാലിന്യക്കൂനയ്ക്ക് തീപിടിച്ചു. മാസങ്ങളായി ഇവിടെ കൊണ്ടിട്ട് കൂന്പാരമായ മാലിന്യ നിക്ഷേപത്തിനാണ് തീപിടിച്ചത്. ഏറെ സമയത്തെ പരിശ്രമത്തിനുശേഷം തീ അണച്ചു. ഇന്നലെ രാവിലെയാണ് സംഭവം.
ചന്തയിലേയും സമീപത്തെ പഞ്ചായത്തു വാർഡുകളിലേയും മാലിന്യങ്ങൾ ശേഖരിച്ച് ചന്തയിലെ ഒഴിഞ്ഞ പ്രദേശത്താണ് കൊണ്ടിട്ടിരുന്നത്. കച്ചവടക്കാരുടേയും സമീപത്തെ കടകളിലേയും മാലിന്യങ്ങളും ഇവിടയാണ് നിക്ഷേപിച്ചിരുന്നത്. ഇതിലാണ് ഇന്നലെ തീപിടിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് കാട്ടാക്കടയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി മണിക്കൂറുകൾ പരിശ്രമിച്ചതിനെ തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. ശേഷിച്ച മാലിന്യങ്ങളിൽ ഇനിയും തീപിടിക്കാനുള്ള സാധ്യതയുണ്ടെന്നും സമയത്തിനു നീക്കം ചെയ്തില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും ഫയർഫോഴ്സ് അധികൃതർ മുന്നറിയപ്പ് നൽകി.
കാട്ടാക്കടയിൽ മാലിന്യ നിക്ഷേപം വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്നതായും മാർക്കറ്റിൽ സ്ഥാപിക്കാനിരുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റ് ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണെന്നും നേരത്തെ ദീപികയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ചന്തയുടെ ഉടമസ്ഥരായ പൂവച്ചൽ പഞ്ചായത്താണ് ഖരമാലിന്യ സംസ്ക്കാരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പദ്ധതി തയാറാക്കുകയും 15 ലക്ഷം രൂപ വകയിരുത്തി കെട്ടിടവും ഉപകരണങ്ങളും കൊണ്ടു വന്നു സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ മാലിന്യ സംസ്കരണത്തിനായി നിർമിച്ച കെട്ടിടം പോലും ഇതേവരെ തുറന്നിട്ടില്ല. പ്ലാന്റിനായി കൊണ്ടുവന്ന ഉപകരണങ്ങൾ ഇപ്പോൾ മണ്ണുമൂടിയ നിലയിലാണ്.