രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ
1262854
Saturday, January 28, 2023 11:55 PM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ വാർഡുകൾ സുരക്ഷിതമല്ലെന്ന് ആക്ഷേ പം. കഴിഞ്ഞ ഒരുമാസത്തിനിടെയുണ്ടായത് ആറു മോഷണങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പഴ്സ്, മൊബൈൽ ഫോണുകൾ എന്നിവയാണ് പ്രധാനമായും മോഷണം പോകുന്നത്. പാസ് ഇല്ലാത്തവരെ വാർഡുകളിലേക്കു കടത്തിവിടാൻ പാടില്ല എന്നതാണ് നിയമം. സാധാരണക്കാർ തങ്ങളുടെ ബന്ധുക്കളെ കാണാനെത്തുമ്പോൾ സുരക്ഷാ ജീവനക്കാരുമായി വാഗ്വാദങ്ങൾ ഉണ്ടാകുന്നത് ഇവിടത്തെ സ്ഥിരം സംഭവമാണ്. എന്നാൽ മോഷ്ടാക്കൾ എങ്ങനെ വാർഡുകളിലേക്ക് കടന്നുകയറുന്നു എന്നുള്ളതിന് വ്യക്തമായ ഉത്തരമില്ല.
അർധരാത്രിയോട് അടുക്കുന്ന വേളയിലാണു പ്രധാനമായും മോഷണങ്ങൾ നടന്നുവരുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ഏറെക്കുറെ ഉറക്കത്തിലേക്കു വീഴുന്ന സമയത്താണ് മൊബൈൽ ഫോണുകൾ മോഷണം പോകുന്നത്. വൈകുന്നേരങ്ങളിൽ വാർഡുകളിൽ പ്രവേശിച്ചു കറങ്ങി നടന്നശേഷം രാത്രി മോഷണം നടത്തി മടങ്ങുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽനിന്നു മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ നരുവാമൂട് സ്വദേശി അനു (22), പ്രാവച്ചമ്പലം സ്വദേശി ആഷിക് (21) എന്നിവർ കഴിഞ്ഞദിവസം മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായിരുന്നു. ഇവിടെ ചികിത്സയിൽ കഴിഞ്ഞുവന്ന രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോണാണ് പ്രതികൾ കവർന്നത്. രാത്രിയാകുന്നതോ ടെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ പരിശോധന ശക്തമാക്കാത്തതാണ് മോഷ്ടാക്കൾക്ക് അനുഗ്രഹമാകുന്നത്. കവർച്ച ഉണ്ടാകുന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ഉണർന്ന് ബഹളം വയ്ക്കുന്നതോടെ മോഷണശ്രമം പരാജയമായിട്ടുള്ള നിരവധി സംഭവങ്ങളുമുണ്ടായി ട്ടുണ്ട്. കവർച്ച ഉണ്ടായാലും പരാതി നൽകാത്ത നിരവധി സംഭവങ്ങൾ ആശുപത്രിയിൽ നടന്നു വരുന്നുണ്ടെന്നും മോഷ്ടാക്കളെ പിടികൂടുന്നതിനു മെഡിക്കൽ കോളജ് പോലീസ് ഊർജിതമായി രംഗത്തുണ്ടെന്നും എസ്ഐ സി.പി. പ്രശാന്ത് പറഞ്ഞു.
ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ രാത്രികാലത്തും പ്രവർത്തിക്കുന്ന സിസിടിവി കാമറകൾ സ്ഥാപിച്ചാൽ മാത്രമേ മോഷ്ടാക്കളുടെ ശല്യത്തിന് അറുതിവരുത്താൻ സാധിക്കുകയുള്ളൂ.