വന്യമൃഗശല്യം തടയാന്‍ നെടുമങ്ങാട് കാര്‍ഷിക ബ്ലോക്കിന് 40 ലക്ഷം രൂപ
1262842
Saturday, January 28, 2023 11:53 PM IST
നെടുമങ്ങാട്: വന്യമൃഗശല്യം തടയുന്നതിന് നെടുമങ്ങാട് കാര്‍ഷിക ബ്ലോക്കില്‍ 40 ലക്ഷം രൂപ അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ്. കൃഷിദര്ശന് പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ കാര്‍ഷിക അദാലത്തില്‍ പരാതികള്‍ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കാര്‍ഷിക അദാലത്തില്‍ ആകെ 37 പരാതികള്‍ ലഭിച്ചു. അതില്‍ 14 എണ്ണം വേദിയില്‍ തന്നെ പരിഹരിച്ചു. ബാക്കിയുള്ളവ സമയബന്ധിതമായി തീര്‍പ്പാക്കും. മന്ത്രിമാരായ പി. പ്രസാദിന്റെയും ജി.ആര്. അനിലിന്റെയും നേതൃത്വത്തിലായിരുന്നു അദാലത്ത് നടത്തിയത്.
കാർഷികോത്പന്നങ്ങൾ സംഭരിച്ച വകയിൽ ഡിസംബർ 31 വരെ കർഷകർക്ക് നൽകാനുള്ള കുടിശികയിനത്തിൽ ഹോർട്ടികോർപ്പിന് 4.77 കോടി രൂപ അനുവദിച്ചതായും മന്ത്രി പ്രസാദ്
സമാപന സമ്മേളനത്തിൽ പറഞ്ഞു. നെടുമങ്ങാട് പ്രവർത്തിക്കുന്ന വേൾഡ് മാർക്കറ്റിന്റെ സമഗ്ര വികസനത്തിന് ലോകബാങ്ക് സഹായത്തോടെ പദ്ധതി നടപ്പിലാക്കും.
വേൾഡ് മാർക്കറ്റിന്റെ ഫലപ്രദമായ പ്രവർത്തനത്തിനും കർഷകർക്ക് കാലതാമസമില്ലാതെ ഉത്പന്നങ്ങളുടെ വില ലഭിക്കാനും സംഭരിച്ച ഉത്പന്നങ്ങൾ കൃത്യമായി വിപണിയിൽ എത്തിക്കാനും പുതിയ സംവിധാനം ഏർപ്പെടുത്തും. ഇവിടുത്തെ കോൾഡ് സ്റ്റോറേജ് സംവിധാനവും ഫലപ്രദമായി ഉപയോഗിക്കും. കാർഷിക കർമ സേനാംഗങ്ങൾക്കുള്ള ഇൻഷ്വറൻസ് പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കും.
ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി, കർഷകരുടെ നൂറ് ഉത്പന്നങ്ങൾ മാർച്ച് 31ന് മുമ്പ് വിപണിയിലെത്തിക്കും. കേരള അഗ്രോ എന്ന പേരിൽ ഇതിനോടകം 65 ഉത്പ്പന്നങ്ങൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആധുനിക കാർഷിക സംവിധാനങ്ങൾ മനസിലാക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി നല്കാന് നിരവധി പേരാണ് എത്തിയത്. നിവേദനങ്ങളും പരാതികളും വേദിയില്‍ തന്നെ പരിഹരിക്കപ്പെട്ടത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി. ആനയറ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ പ്രശ്നങ്ങള്‍, കൃഷിനാശം, മൃഗശല്യം തുടങ്ങിയ നിരവധി പ്രശനങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്.
ജീവനും കൃഷിക്കും ഭീഷണിയായ കുരങ്ങുകളെ കൂട്ടിലാക്കി കാട്ടിലെത്തിക്കാനും അദാലത്തില്‍ തീരുമാനമായി. കരകുളം കൃഷിഭവന്റെ ഒരു സബ്സെന്റര്‍ വട്ടപ്പാറയില്‍ ആരംഭിക്കുന്നതിനും ഉത്തരവായി. കരകുളം കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സേവനം ആഴ്ചയില്‍ രണ്ടു ദിവസം ലഭ്യമാക്കാനും അദാലത്തില്‍ തീരുമാനിച്ചു.