ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് പുനഃസ്ഥാപിക്കാൻ സമ്മർദം ചെലുത്തുമെന്ന് മന്ത്രി
1246705
Thursday, December 8, 2022 12:07 AM IST
തിരുവനന്തപുരം: ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നു മുഖ്യമന്ത്രിക്കു വേണ്ടി നിയമസഭയിൽ മറുപടി നൽകിയ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. 2009ൽ നിലവിൽ വന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനുശേഷം വർഷങ്ങളായി നൽകിവന്നിരുന്നതാണ് സ്കോളർഷിപ്പ്.
ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചശേഷം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേരുപറഞ്ഞ് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി തികച്ചും അനുചിതമാണെന്നും എ.പി. അനിൽകുമാറിന്റെ സബ്മിഷനു മറുപടിയായി അറിയിച്ചു. എട്ടാം ക്ലാസുവരെയുള്ള കുട്ടികളെ ഒഴിവാക്കിയതോടെ ആകെ ലഭ്യമാകുന്ന സ്കോളർഷിപ്പിന്റെ 80 ശതമാനത്തോളം കുറവ് വരുമെന്നാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.